71ാമത്തെ സെഞ്ച്വറി നേടി വിരാട് കോഹ്‌ലി

0
128

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ ഇന്ത്യയുടെ വിരാട് കോഹ്‌ലി രാജ്യന്തര കരിയറിലെ തൻറെ 71ാമത്തെ സെഞ്ച്വറിക്കായി കാത്തിരുന്നത് 1020 ദിവസങ്ങൾ. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് സൂപ്പർതാരം അവസാനമായി സെഞ്ച്വറി നേടിയത്.

കോഹ്‌ലിയുടെ ഫോമില്ലായ്മയെ വിമർശിച്ച്‌ ഇതിനിടെ നിരവധി സീനിയർ താരങ്ങളാണ് രംഗത്തുവന്നത്. ട്വൻറി20 ലോകകപ്പിനു മുന്നോടിയായുള്ള ഏഷ്യ കപ്പിൽ ഫോം കണ്ടെത്തിയില്ലെങ്കിൽ താരത്തിൻറെ ഭാവിയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയരുമായിരുന്നു. എന്നാൽ, വിമർശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് ടൂർണമെൻറിൽ താരം കാഴ്ചവെച്ചത്.

ഇന്ത്യ ഫൈനൽ കാണാതെ പുറത്തായെങ്കിലും സൂപ്പർ ഫോറിൽ അഫ്ഗാനെതിരെയുള്ള അവസാന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് കോഹ്‌ലി നടത്തിയത്. രണ്ടര വർഷത്തെ ഇടവേളക്കുശേഷമാണ് ഒരു രാജ്യന്തര മത്സരത്തിൽ കോഹ്‌ലി സെഞ്ച്വറി നേടുന്നത്. അതും ട്വൻറി20യിലെ കന്നി സെഞ്ച്വറി. 61 പന്തിൽ 122 റൺസെടുത്ത് താരം മത്സരത്തിൽ പുറത്താകാതെ നിന്നു. 14 ഫോറുകളും ആറു സിക്സറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.

രണ്ടര വർഷത്തിനിടെ നിരവധി തവണ അർധ സെഞ്ച്വറി കുറിക്കുകയും 70നു മുകളിൽ റൺസെടുക്കുകയും ചെയ്തെങ്കിലും മൂന്നക്കം കടക്കാൻ മാത്രം താരത്തിനായില്ല. വിമർശനങ്ങൾക്കിടയിലും ടീം മാനേജ്മെൻറും മുതിർന്ന താരങ്ങളും പിന്തുണയുമായി കോഹ്‌ലിക്കൊപ്പം നിന്നു. ഏഷ്യാ കപ്പിൽ ഫോം കണ്ടെത്തുമെന്ന പ്രതീ‍ക്ഷയിൽ തന്നെയായിരുന്നു സഹതാരങ്ങളും മാനേജ്മെൻറും.

ആ വിശ്വാസമാണ് താരം കാത്തത്. ഇതോടെ കോഹ്‌ലി രാജ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്തി. 71 സെഞ്ച്വറികളുമായി ഇരുവരും രണ്ടാം സ്ഥാനത്താണ്. സെഞ്ച്വറികളുടെ എണ്ണത്തിൽ സെഞ്ച്വറി നേടിയ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ മാത്രമാണ് ഇനി മുന്നിലുള്ളത്.

664 മത്സരങ്ങളിൽനിന്നാണ് സചിൻറെ 100 സെഞ്ച്വറി നേട്ടം. പോണ്ടിങ്ങിന് 560 മത്സരങ്ങൾ കളിക്കേണ്ടിവന്നു. എന്നാൽ, 468 മത്സരങ്ങളിൽനിന്നാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്.