‘‘ സർക്കാർ തരുന്ന പെൻഷൻ കൊണ്ട‌് മാത്രമാണ‌് ജീവിതം മുന്നോട്ട‌് കൊണ്ടു പോകുന്നത‌്. ഇതേ സർക്കാർ തുടർന്നാൽ പെൻഷൻ മുടങ്ങാതെ കിട്ടുമെന്ന ഉറപ്പുമുണ്ട‌്. ’’നെന്മേനി പഞ്ചായത്ത‌് നാലാം വാർഡിലെ മാക്കുറ്റി മുരുക്കുംകാട്ടിൽ ഖദിയമ്മുവിന്റെയും മകൾ ആമിനയുടെയും വാക്കുകളാണിത്.
87 വയസുള്ള ഖദിയമ്മുവിന‌് വാർധക്യ പെൻഷനും 50 വയസുള്ള ആമിനയ്‌ക്ക് വിധവ പെൻഷനുമാണുള്ളത്. രണ്ട‌് പേരുടെയും പെൻഷൻ കുടിശ്ശികയില്ലാതെയാണ‌് വീട്ടിലെത്തിയത്. ആമിനയുടെ മകൾ വിവാഹിതയായതോടെ കദിയമ്മുവും ആമിനയും മാത്രമാണ‌് വീട്ടിൽ താമസം.
നടുവേദന കാരണം തൊഴിലുറപ്പ‌് ജോലിക്ക‌് പോലും പോകാനാവാത്ത അവസ്ഥയിലാണ‌് ആമിന. പെൻഷൻ തുകയായി കിട്ടുന്ന 3000 രൂപ കൊണ്ടാണ‌് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത‌്. സർക്കാർ ആശുപത്രിയിൽ പോയാൽ ചികിത്സയും മരുന്നും സൗജന്യമായി ലഭിക്കുന്നതിനാൽ കിട്ടുന്ന പെൻഷൻ കാശിൽ നിന്നും ചെലവാക്കേണ്ടതില്ല.
കൊറോണ കാലമായതിനാൽ സർക്കാറിന്റെ ഭക്ഷ്യകിറ്റും കിട്ടുന്നു. പാവങ്ങളെ ആവശ്യം അറിഞ്ഞ‌് സംരക്ഷിക്കുന്ന സർക്കാറാണ‌് ഇപ്പോഴത്തേതെന്ന‌് ഇരുവരും പറഞ്ഞു. തൊട്ടടുത്ത‌് താമസിക്കുന്ന ആമിനയുടെ അനിയത്തി സുബൈദയുടെ ഭർത്താവിന്റെ ഉമ്മ പാത്തുമ്മയും (72) ഇതേ അഭിപ്രായക്കാരിയാണ‌്. ഒരു മാസം മുമ്പ‌് പെൻഷനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ‌് പാത്തുമ്മയും.