ട്വൻറി20 ക്രിക്കറ്റിൻറെ സൗന്ദര്യവും പിരിമുറുക്കവും നിറഞ്ഞ ആദ്യ മത്സരത്തിനുശേഷം വീണ്ടും ഇന്ത്യയും പാകിസ്താനും ഈ ഏഷ്യകപ്പിൽതന്നെ ഏറ്റുമുട്ടുമോ?
ഇന്ത്യ-പാക് ആരാധകർ രണ്ടാം പോരാട്ടവും ഉറപ്പിച്ച മട്ടാണ്. സെപ്റ്റംബർ നാലിന് നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യയും പാകിസ്താനുമാവും എന്നാണ് ഇവരുടെ പ്രതീക്ഷ. അതിനാൽതന്നെ, ഈ മത്സരത്തിൻറെ ഗാലറി ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. 550 ദിർഹമിന് മുകളിലുള്ള ടിക്കറ്റ് മാത്രമാണ് നിലവിൽ ബാക്കിയുള്ളത്.
ഗ്രൂപ് എയിൽനിന്ന് ആദ്യ രണ്ടു സ്ഥാനം നേടുന്നവർ തമ്മിലാണ് സെപ്റ്റംബർ നാലിൻറെ മത്സരം. ഇത് ഇന്ത്യയും പാകിസ്താനുമാകുമെന്നാണ് പ്രതീക്ഷ. ഇവർക്കു പുറമെ ഗ്രൂപ് എയിലുള്ള മൂന്നാം ടീം ഹോങ്കോങ്ങാണ്. ഇന്ത്യയെയോ പാകിസ്താനെയോ ഹോങ്കോങ് അട്ടിമറിച്ചാൽ മാത്രമേ ഈ സാധ്യതക്ക് മങ്ങലേൽക്കൂ. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണ്. മികച്ച ഫോമിലാണ് ഇന്ത്യയും പാകിസ്താനും.
എന്നാൽ, ഏതു നിമിഷവും മാറിമറിയാവുന്ന ട്വൻറി20യിൽ അട്ടിമറികൾ അപ്രാപ്യമല്ല. യോഗ്യത റൗണ്ടിലെ മൂന്നു മത്സരവും ജയിച്ചാണ് ഹോങ്കോങ് യു.എ.ഇയിൽ എത്തിയിരിക്കുന്നത്. മുൻ ലോകകപ്പുകളിൽ കരുത്തരെ വിറപ്പിച്ച ചരിത്രവും ഇവർക്കുണ്ട്. മാത്രമല്ല, പാകിസ്താനെ സംബന്ധിച്ചിടത്തോളം സമ്മർദത്തിലായിരിക്കും ഈ മത്സരത്തിനിറങ്ങുക.
തോറ്റാൽ പാകിസ്താൻ പുറത്താകും. ഇന്ത്യയും പാകിസ്താനും ഫൈനലിലും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. നിലവിലെ ഫോമിൽ ഏറ്റവും സാധ്യതയുള്ള രണ്ടു ടീമുകളാണിത്. ഇത് മുൻകൂട്ടിക്കണ്ട് ഫൈനൽ ടിക്കറ്റും ഏകദേശം വിറ്റഴിഞ്ഞിട്ടുണ്ട്. 4800 ദിർഹമിന് മുകളിലുള്ള ടിക്കറ്റ് മാത്രമാണ് ഫൈനലിന് ലഭ്യമായിരിക്കുന്നത്.