വാളയാർ പീഡന കേസിൽ സി ബി ഐയുടെ കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. കോടതി തള്ളിയത് പെൺകുട്ടികളുടെ മരണം കൊലപാതകം അല്ലെന്ന പൊലീസ് കണ്ടെത്തൽ ശരി വയ്ക്കുന്ന കുറ്റപത്രം. പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
രണ്ട് പെൺകുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാല്‍ തന്‍റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.
ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. എന്നാൽ പൊലീസ് കണ്ടെത്തിയ പ്രതികൾ തന്നെയാണെങ്കിലും സാക്ഷികൾ കൂടുതലുണ്ട്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.