നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ഭിന്നതയും തർക്കവും പാർട്ടി വിടലും ശക്തമാകുന്നു. വയനാട്ടിൽ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു.
വയനാട് നേതൃത്വത്തിന്റെ മോശം പ്രവണതകളിൽ അസ്വസ്ഥരായ പ്രവർത്തകർ ഉൾപ്പെടെയുള്ള പലരും പാർട്ടി വിടാനുള്ള ഒരുക്കത്തിലാണ് ജില്ലയിൽ നടക്കുന്നതൊന്നും അറിയിക്കാതെ സംസ്ഥാന നേതൃത്വത്തെ പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അനിൽകുമാർ പറയുന്നു.
ഇത് ഒരു അഗ്നിപർവതമാണ്. ഈ അഗ്നിപർവതം പൊട്ടാതെ നോക്കേണ്ടത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. ഒരാൾ പാർട്ടി വിട്ടുപോയാൽ സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടുത്തെ ചില നേതാക്കൾ. പലരും പാർട്ടിയിൽ അസ്വസ്ഥരാണ്. അവരൊക്കെ എന്ത് തീരുമാനം എടുക്കുമെന്ന് കണ്ടറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ മണ്ഡലമെന്ന നിലയിൽ ഓരോ നീക്കങ്ങളും ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. എന്നാൽ വയനാട്ടിൽ വരുമ്പോൾ രാഹുൽ ഗാന്ധിയുടെ പരിപാടികൾ നടത്തുന്ന രീതി ശ്രദ്ധിച്ചാൽ മനസിലാകും. രാഹുൽ ഗാന്ധിയെ ട്രോളാൻ നടത്തുന്നതുപോലെയാണ് ഇവിടെ പല പരിപാടികളും സംഘടിപ്പിക്കുന്നതെന്നും പി.കെ. അനിൽകുമാർ പറഞ്ഞു.