കോവിഡ് വ്യാപനം ഇക്കൊല്ലം പൂർണമായി ഇല്ലാതാക്കാമെന്നത് പ്രായോഗികമല്ലെന്ന് ലോകാരോഗ്യ സംഘടന

0
74

കോവിഡ് മഹാമാരി വ്യാപനത്തെ 2021 ല്‍ പൂര്‍ണമായും ഇല്ലാതാക്കാമെന്നത് പ്രായോഗികമായി നടക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടർ ഡോ. മിഖായേല്‍ റയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം കൊവിഡിനെതിരായ വാക്‌സിനുകളുടെ വരവ് കൊവിഡ് മരണങ്ങളിലും രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്ന എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ കോവിഡ് വ്യാപന നിരക്ക് കുറയ്ക്കുകയായിരിക്കണം ആഗോളതലത്തിലെ ശ്രദ്ധ. തുടരെ വാക്‌സിനുകള്‍ വരുന്നത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ നമ്മള്‍ മിടുക്കരാണെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, മരണങ്ങളും മഹാമാരിയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഈ വര്‍ഷാവസാനത്തോടെ പറ്റും,’ ഡാ. മിഖായേല്‍ റയാന്‍ പറഞ്ഞു.

അതേസമയം കോവിഡ് വകഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി .

കോവിഡ് വാക്‌സിനേഷനില്‍ വികസിത രാജ്യങ്ങള്‍ കാണിക്കുന്ന സമീപനത്തെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുമ്പേ വികസിത രാജ്യങ്ങളിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചത് ഖേദകരമാണ്. ഘാന, ഐവറി കോസ്റ്റ് തുടങ്ങിയവിടങ്ങളില്‍ യുഎന്‍ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവാക്‌സിന്‍ എത്തിച്ചത് ഈ ആഴ്ചയാണ്. ബ്രിട്ടന്‍, യുഎസ്, കാനഡ തുടങ്ങി രാജ്യങ്ങളില്‍ പൗരന്‍മാര്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങി മൂന്ന് മാസത്തിനു ശേഷമാണ് ഘാന പോലുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

‘ രാജ്യങ്ങള്‍ പരസ്പരം മത്സരത്തിലല്ല. ഇത് വൈറസിനെതിരായ പൊതുമായ റേസ് ആണ്. രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ അപകടത്തിലാക്കണമെന്നല്ല ഞങ്ങള്‍ പറയുന്നത്. പക്ഷെ എല്ലായിടത്തും വൈറസിനെ കീഴ്‌പ്പെടുത്താനുള്ള ആഗോള പരിശ്രമത്തിന്റെ ഭാഗമാവാനാണ് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നതെന്നും
ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനം പറഞ്ഞു.