കരുതലിൻ്റെ കാതലാണ് പിണറായി

0
43

കെ വി കുഞ്ഞിരാമൻ

പതിവുരാഷ്ടീയ നിരീക്ഷകരുടെയും വിമർശകരുടെയും ശൈലിയിൽ പരുക്കനാണ് പിണറായി. വാക്കിലും നോക്കിലും നടപ്പിലുമെല്ലാം ഇത്തിരി ഗൗരവക്കാരനാണ്. ജനപ്രീതിസമ്പാദനത്തിനുള്ള ഒറ്റമൂലികൾ അറിയില്ല. ആളുകളെ പാട്ടിലാക്കാനുള്ള സൂത്രങ്ങളോട് സുല്ലിട്ട മട്ടും. പോരാത്തതിന് വാർത്താമാധ്യമങ്ങളുടെ വിളഞ്ഞ വിദ്യകൾക്ക് വഴങ്ങിക്കൊടുക്കാത്ത വാമൊഴിമുഴക്കവും. ഈ “ശരീരഭാഷയും ധാർഷ്ട്യ”വുമൊക്കെ ആർക്ക് പിടിക്കും – സ്വതന്ത്ര ബുദ്ധിജീവിനാട്യക്കാരുടെ ചോദ്യമാണ് ട്ടോ. പക്ഷേ, പൊള്ളയായ ആലങ്കാരികഭാവങ്ങൾക്കപ്പുറം മനുഷ്യപ്പറ്റും മൂല്യങ്ങളും വേർതിരിച്ചറിയുന്നവർക്ക് ഖൽബാണ് നമ്മുടെ മുഖ്യമന്ത്രി.

കണ്ണൂരിലെ പിണറായി എന്ന നാട്ടിൻപുറത്ത് ജനിച്ചുവളർന്ന് സംസ്ഥാന രാഷ്ട്രീയത്തിൻ്റെ അമരക്കാരനായി ഉയർന്ന വ്യത്യസ്തനായ വിജയൻ ഇന്ന് ജനഹൃദയങ്ങളിൽ ഒന്നാം സ്ഥാനക്കാരൻതന്നെയാണ്. സാമൂഹിക നിലപാടുകളിലെ ആത്മാർത്ഥതയും ജനങ്ങളോടുള്ള കൂറുമാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മികച്ച ഭരണനേട്ടങ്ങൾ കൈവരിച്ച മുഖ്യമന്ത്രിയായി പിണറായിയെ കാലം അയാളപ്പെടുത്തും. എൽ ഡി എഫ് ഭരണത്തുടർച്ച ഉറപ്പാക്കി മുന്നേറവെ, ഒരോ ജനകീയ സർവേയിലും തെളിയുന്നത് ഈ കരുത്തുറ്റ നേതൃശേഷിക്കുള്ള അതുല്യ അംഗീകാരമാണ്.

കഴിഞ്ഞ പ്രളയകാലംമുതലെങ്കിലും നവമാധ്യമങ്ങൾ നോക്കുന്നവർക്ക് സുപരിചിതനാണല്ലോ മുരളി തുമ്മാരുകുടി. അദ്ദേഹം ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധപ്പെട്ട വ്യക്തിയല്ല. ദുരന്തനിവാരണ സേവനമേഖലയിൽ രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദഗ്ധനാണ്.

ഐക്യരാഷ്ട്രസഭയ്ക്ക് കീഴിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രഗത്ഭനായ മലയാളി. അദ്ദേഹം നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഈയിടെ ഏതാനും വരികൾ കുറിച്ചിരുന്നു. അദ്ദേഹം എഴുതി നിർത്തിയത് ഇങ്ങനെയാണ് – ” സമൂഹം ഒരു വെല്ലുവിളി യിലൂടെ കടന്നുപോകുന്ന കാലത്ത് എന്തായിരിക്കണം നേതൃത്വം എന്ന വിഷയത്തിൽ എൻ്റെ പാഠപുസ്തകമാണ് ഈ മുഖ്യമന്ത്രി “. എത്ര സാരസമ്പൂർണമായ വിലയിരുത്തൽ…

തുടർച്ചയായി രണ്ട് പ്രളയങ്ങളെയും കോവിഡ് മഹാമാരിയുടെ ദുരിതനാളുകളെയും സക്രിയമായി നേരിട്ട സംസ്ഥാന ഭരണത്തലവൻ്റെ വിസ്മയിപ്പിക്കുന്ന കർമോത്സുകത സാക്ഷ്യപ്പെടുത്തുകയാണ് അനുഭവസമ്പന്നനായ മുരളി തുമ്മാരുകുടി. ” ഉത്തരവാദിത്തങ്ങൾ ഗൗരവമനുസരിച്ച് അവ ഏറ്റെടുക്കാൻ കഴിവുള്ളവരുടെ ചുമലിലേക്ക് ചെന്നെത്തും ” എന്ന വാചകത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം.

പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരനും തത്ത്വചിന്തകനുമായ എൽബെർട്ട് ഹബ്ബാർഡിൻ്റേതാണ്ഈ ഉദ്ധരണി. ( Responsibilities gravitate to the person who can shooulder them.) . നൂറ്റാണ്ടുകൾക്കിടെ മാത്രം അനുഭവപ്പെടുന്ന ഇത്തരം കൊടിയ ദുരന്തത്തെ അതിജീവിച്ച് നാടിനെ നയിക്കാനുള്ള അവസരം, അതിന് പ്രാപ്തനായ പിണറായിക്ക് കൈവന്നത് ഒരു ചരിത്ര നിയോഗംപോലെയാണെന്ന് മുരളി തുമ്മാരുകുടി അഭിപ്രായപ്പെടുന്നു.

നമ്മുടെ സിവിൽ സർവീസ് മുതൽ ആരോഗ്യ സംവിധാനത്തെവരെ വളരെ കാര്യക്ഷമതയോടെ കുറ്റമറ്റ നിലയിൽ ഏകോപിപ്പിച്ചതിനെ തുമ്മാരുകുടി അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. അതേ ഹൃദയവികാരങ്ങൾ പങ്കുവെക്കുന്നവരാണ് കേരളീയരിൽ ഏറെയും. മിക്ക ദിവസങ്ങളിലും വൈകുന്നേരം അഞ്ചുമണിക്ക് പത്രസമ്മേളനത്തിൽ വരുന്ന മുഖ്യമന്ത്രിയെ കേൾക്കാൻ ടെലിവിഷൻ ചാനലുകൾക്കു മുമ്പിൽ ആളുകൾ കാത്തിരിക്കുമായിരുന്നു. അതുകേട്ട് ആത്മവിശ്വാസം വീണ്ടെടുത്തായിരുന്നു പലപ്പോഴും പകച്ചുപോയ അവർ അന്തിയുറങ്ങിയത്. ജനജീവിതത്തിൻ്റെ സർവതുറകളിലും സർക്കാർ ഇടപെട്ട് ചെയ്തുവന്ന ആശ്വാസ പ്രവർത്തനങ്ങൾ അത്രകണ്ട് മതിപ്പുറ്റതുമായിരുന്നു.

പ്രാദേശികതലത്തിൽ അഗതികൾക്കും അതിഥിത്തൊഴിലാളികൾക്കും സൗജന്യമായി ഭക്ഷണം നൽകിയ കമ്യൂണിറ്റി കിച്ചണുകൾ ദേശീയശ്രദ്ധയാകർഷിച്ച മാതൃകയായി. സാമൂഹ്യക്ഷേമ പെൻഷനുകൾ 600ൽ നിന്ന് ഒടുവിൽ 1600 രൂപവരെയാക്കി ഉയർത്തി മുടങ്ങാതെ വീടുകളിലെത്തിച്ചതും പാവപ്പെട്ടവർക്ക് തുണയായി. വരുമാനവ്യത്യാസം നോക്കാതെ മുഴുവൻ റേഷൻ കാർഡുടമകൾക്കും തുടർച്ചയായി മാസംതോറും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതും ചെറിയ കാര്യമല്ല . പട്ടിണിയെ പടിയകറ്റുക എന്നതിനായിരുന്നു ലോക്ക് ഡൗൺ കാലത്ത് മുൻഗണന.

അന്താരാഷ്ട്ര പ്രശംസ നേടിയ കോവിഡ് ചികിത്സാരംഗത്തെ കേരളമാതൃക ജനങ്ങൾക്ക് നൽകിയ സാന്ത്വനം അളവറ്റതാണ്. കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങൾ നന്നായി അതിനെ പിന്തുണച്ചു. അതിനിടയിൽ തുരപ്പൻപണിക്ക് ഇറങ്ങിയ യു ഡി എഫിൻ്റെയും ബി ജെ പിയുടെയും കക്ഷികളുടെ സങ്കുചിത താല്പര്യങ്ങൾ നാട്ടുകാർ പൊതുവെ തിരിച്ചറിഞ്ഞു എന്നതും ശ്രദ്ധേയം.

രൂക്ഷമായ സാമ്പത്തിക പ്രയാസത്തിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നത് . എന്നിട്ടും വിവിധ സേവനരംഗങ്ങളിലെ മികവിന് ഒരു ഡസനോളം ദേശീയ ബഹുമതികൾ അഞ്ചു വർഷത്തിനുള്ളിൽ കരസ്ഥമാക്കാനായത് എത്ര അഭിമാനകരമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിൽ പരക്കെ അടിസ്ഥാന വികസന മേഖലകളിലുണ്ടായ മുന്നേറ്റവും പ്രശംസനീയമാണ്. ജനങ്ങൾ സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയ നേട്ടങ്ങളാണിവയെല്ലാം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റും 24 ന്യൂസും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത് പിണറായി സർക്കാരിനുള്ള അതിരറ്റ ജനകീയപിന്തുണയാണ്.അടുത്ത മാസം കേരളത്തിനു പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഈ അഞ്ചിടത്തായി വീണ്ടും ജനവിധി തേടുന്ന നേതാക്കളിൽ ഏറ്റവും ബഹുജന സ്വീകാര്യതയുള്ളത് പിണറായി വിജയനാണ്. പശ്ചിമ ബംഗാളിലെ ആനന്ദ ബസാർ പത്രികയടക്കം നടത്തിയ സർവേകളിൽനിന്ന് ഇതാണ് വ്യക്തമാവുന്നത്. കേരളത്തിലെ പ്രതിപക്ഷ കക്ഷികളും അവരോട് അനുഭാവമുള്ള മാധ്യമങ്ങളും എന്തെല്ലാം കുതന്ത്രങ്ങൾ പയറ്റിയാലും ഈ ജനസമ്മതിയെ മറികടക്കാനാവില്ല.