ജേസന്‍ റോയ്-ജോസ് ബട്‍ലർ ഫിനിഷിംഗ്; നെതർലന്‍ഡ്സിന് എതിരായ മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്‍റെ കരുത്തുറ്റ വിജയവുമായി ഇംഗ്ലണ്ട്

0
60

ആംസ്റ്റല്‍വീന്‍: നെതർലന്‍ഡ്സിന് എതിരായ മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്‍റെ കരുത്തുറ്റ വിജയവുമായി പരമ്പര 3-0ന് തൂത്തുവാരി ഇംഗ്ലണ്ട്. പരമ്പരയിലെ അവസാന ഏകദിനത്തില്‍ നെതർലന്‍ഡ്സ് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 30.1 ഓവറില്‍ നേടിയാണ് ഇംഗ്ലണ്ടിന്‍റെ ജൈത്രയാത്ര. ഇംഗ്ലണ്ടിനായി നാല് വിക്കറ്റുമായി ഡേവിഡ് വില്ലി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ ജേസന്‍ റോയ് സെഞ്ചുറി നേടി. റോയ് കളിയിലേയും ജോസ് ബട്‍ലർ പരമ്പരയുടേയും താരമായി. 245 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വീണ്ടും കുഞ്ഞന്‍ ലക്ഷ്യമായി മാറുന്നതാണ് കണ്ടത്. അക്കൗണ്ട് തുറക്കാതെ പുറത്തായ ഡേവിഡ് മലാനെ മാറ്റിനിർത്തിയാല്‍ ബാറ്റേന്തിയ മറ്റ് മൂന്ന് ഇംഗ്ലീഷ് താരങ്ങളും തകർത്തടിച്ചതോടെ ടീം അനായാസ ജയത്തിലെത്തുകയായിരുന്നു.

ജേസന്‍ റോയ് 86 പന്തില്‍ സെഞ്ചുറി നേടി. റോയിക്കൊപ്പം(86 പന്തില്‍ 101*), ക്യാപ്റ്റന്‍ ജോസ് ബട്‍ലർ(64 പന്തില്‍ 86*) പുറത്താകാതെ നിന്നു. ഫിലിപ് സാള്‍ട്ടാണ്(30 പന്തില്‍ 49) പുറത്തായ മറ്റൊരു താരം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നെതർലന്‍ഡ്‍സ് 49.2 ഓവറില്‍ 244 റണ്‍സില്‍ പുറത്താവുകയായിരുന്നു. 64 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേഡ്സ് ആണ് നെതർലന്‍ഡ്സിന്‍റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി 8.2 ഓവറില്‍ 36 റണ്‍സിന് നാല് വിക്കറ്റ് നേടി. കാർസ് രണ്ടും പെയ്നും ലിവിംഗ്സ്റ്റണും റഷീദും ഓരോ വിക്കറ്റും സ്വന്തമാക്കി. നെതർലന്‍ഡ്സിനെ ബാറ്റിംഗിനയച്ച ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലറുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. ഓപ്പണർ വിക്രംജീത് സിംഗിനെ ആറ് റണ്‍സില്‍ നില്‍ക്കേ ഡേവിഡ് വില്ലി പുറത്താക്കി.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡോഡിനൊപ്പം ടോം കൂപ്പർ ടീമിനെ കരകയറ്റി. 37 പന്തില്‍ 33 റണ്‍സെടുത്ത കൂപ്പറെ കാർസ് മടക്കിയത് നെതർലന്‍ഡ്സിന് തിരിച്ചടിയായി. ഒഡോഡാവട്ടെ 69 പന്തില്‍ 50 റണ്‍സുമായും വീണു. ലിവിംഗ്‍സ്റ്റണിനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നീട് ബാസ് ഡി ലീഡ്-സ്കോട്ട് എഡ്വേഡ്സ് സഖ്യം നെതർലന്‍ഡിനെ 200 കടത്തി. 78 പന്തില്‍ 56 റണ്‍സെടുത്ത ലീഡ് പുറത്താകുമ്പോള്‍ ടീം സ്കോർ 203ലെത്തിയിരുന്നു. തേജാ നിഡമണുരുവും(4), ലോഗന്‍ വാന്‍ ബീക്കും(0), ടിം പ്രിങ്കിളും(6), ആര്യന്‍ ദത്തും(0) അതിവേഗം പുറത്തായപ്പോള്‍ എഡ്വേഡ്സിന്‍റെ ബാറ്റ് കാത്തു. എഡ്വേഡ്സ് 72 പന്തില്‍ 64 റണ്‍സുമായി ഒന്‍പതാമനായും പോള്‍ വാന്‍ മീകെരന്‍ രണ്ട് റണ്ണുമായി അവസാനക്കാരനായും പുറത്തായി. ഫ്രഡ് ക്ലാസ്സന്‍(3*) പുറത്താകാതെ നിന്നു.