തെരുവ് നായ്ക്കളെ കണ്ട് ഭയന്ന് പറന്നു; വൈദ്യുതി കമ്പികളിൽ തട്ടി മയിൽ ഷോക്കേറ്റ് ചത്തു

0
29

ചാരുംമൂട്: കാടിറങ്ങി നാട്ടിലെത്തി നാട്ടുകാർക്ക് കൗതുകവും പരിചിതവുമായി മാറിയ മയിൽ ഷോക്കേറ്റ് ചത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മയിലിനെ മറവു ചെയ്തു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനു സമീപം വച്ച് രാവിലെയായിരുന്നു സംഭവം. ദിവസങ്ങളായി താമരക്കുളം, വേടരപ്ലാവ് പ്രദേശങ്ങളിലായി നാട്ടുകാർ കണ്ട മയിലാണ് ചത്തത്. ഇന്ന് രാവിലെ കടമ്പാട്ട് ക്ഷേത്രത്തിനു മുൻ വശത്തുള്ള റോഡിലൂടെ വന്ന മയിൽ തെരുവുനായ്ക്കളെ കണ്ട് പറക്കുമ്പോഴാണ് സമീപത്തെ ട്രാൻസ്ഫോർമറിന് മുകളിലെത്തെ വൈദ്യുതി കമ്പികളിൽ തട്ടി ഷോക്കേറ്റ് വീണത്.

അയൽവാസികൾ ഓടിയെത്തിയെങ്കിലും മയിൽ ചത്തിരുന്നു. രണ്ടു കാലുകളും പീലികളും ഷോക്കേറ്റ് കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് മയിലിനെ സമീപമുള്ള ദേവ്ഭവനം അശോകന്റെ വീട്ടുമുറ്റത്തേക്ക് മാറ്റി. വിവരം അറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, അംഗങ്ങളായ വി പ്രകാശ്, സെകട്ടറി ഹരി എന്നിവരെത്തി ഫോറസ്റ്റ് ഉദ്യോസ്ഥരുമായി ബന്ധപ്പെട്ടു. വൈകാതെ റാന്നി ഡിവിഷനിലെ കരിക്കുളം സ്റ്റേഷനിൽ നിന്ന് സെക്ഷൻ ഓഫീസർ പി എസ് സുധീഷും സംഘവും എത്തുകയും പോസ്റ്റുമോർട്ടത്തിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

താമരക്കുളം മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൻ ഡോക്ടർ ജെ സുൽഫിക്കർ, കായംകുളം വെറ്റിനറി സർജൻ ഡോക്ടർ എസ് വേണുഗോപാൽ, ഡോ. ശ്രുതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. ഷോക്കേറ്റാണ് മയിൽ ചത്തതെന്ന് പോസ്റ്റുമാർട്ടത്തിനു ശേഷം ഡോക്ടർ സുൽഫിക്കർ പറഞ്ഞു. തുടർന്ന് സമീപമുളള പറമ്പിൽ മയിലിന്റെ ജഡം മറവു ചെയ്തു. പഞ്ചയാത്തംഗം തൻസീർ കണ്ണനാകുഴി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ജയകുമാർ കടമ്പാട്ട് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേഷ്കുമാർ എന്നിവരും സഹായ പ്രവർത്തനങ്ങൾ നടത്തി.