തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും

0
95

കൊച്ചി: വാശിയേറിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലമറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ സൂചനകൾ എട്ടര മണിയോടെയും അന്തിമഫലം പന്ത്രണ്ട് മണിയോടെയും അറിയാനാകും. തൃക്കാക്കരയിൽ ഇത്തവണ 68.64 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാട്ട് വോട്ടുചെയ്തത്. സ്ട്രോങ് റൂം എട്ട് മണിയോടെയാണ് തുറക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം തെളിയും. ആദ്യം എണ്ണുന്നത് കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകളാണ്. പരമ്പരഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, വൈറ്റില മേഖലകളിലൂടെയാവും ഓരോ റൗണ്ടും പുരോഗമിക്കുക.

ഇടത്, വലത് മുന്നണികൾ വലിയ പ്രതീക്ഷയിലാണ്. സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണമാണ് യുഡിഎഫും എൻഡിഎയും ഉയർത്തുന്നത്. സിപിഐഎം കള്ളവോട്ട് ചെയ്താലും എൻഡിഎ വിജയിക്കുമെന്ന് സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണൻ പ്രതികരിച്ചു. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ ഐഡി കാർഡ് നിർമ്മിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുംബൈയിലുള്ള ആളുടെ പേരിലാണ് കള്ള വോട്ട് നടന്നത്.

ആളെ വിളിച്ചപ്പോൾ വരില്ലെന്നാണ് അറിയിച്ചിരുന്നത്. ഒരു ഐഡി കാർഡ് മാത്രമായി നിർമ്മിക്കില്ലല്ലോ. അപ്പോൾ സിപിഐഎം വ്യാപകമായി വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിറ്റി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ഉറപ്പിച്ച് പറയുന്നത്. കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്നും തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ലെന്നും പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രം​ഗത്തെത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിൻ്റെ തകർച്ച പൂർണ്ണമാകും. ഇടതുപക്ഷം വൻ വിജയം നേടും. വി ഡീ സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇപി ജയരാജൻ ചോദിച്ചു.