ഡൽഹി: കൊവിഡിൽ മാതാപിതാക്കൾ അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി.എം.കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്ക് സഹായം ലഭിക്കും. പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും.
കഴിഞ്ഞ വർഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പിഎം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. 23 വയസ് എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. പലിശ പി.എം. കെയേഴ്‌സില്‍ നിന്നും അടയ്ക്കും
പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ലഭിക്കും. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.