മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ലെന്ന് സുപ്രിംകോടതി

0
73

മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് ഇളവില്ലെന്ന് സുപ്രിംകോടതി. ഉടൻ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാൻ സുപ്രിംകോടതി തിരുമാനിച്ചു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിർമാതാക്കളും കൂടി നൽകേണ്ടത് 61.50 കോടി രൂപയാണ്. ഇതിൽ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നിലപാട് കടുപ്പിച്ചത്.

ആറ് ആഴ്ചകൾക്കുള്ളിൽ നഷ്ടപരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കണം എന്നാണ് നിർദ്ദേശം. അങ്ങനെ ആണെങ്കിൽ നഷ്ടപരിഹാര തുക നൽകാൻ തങ്ങളുടെ വസ്തുക്കൾ വിൽക്കാൻ അനുവദിക്കാം എന്ന് കോടതി വ്യക്തമാക്കി. 9.25 കോടി ഗോൾഡൻ കായലോരത്തിന്റെ നിർമാതാക്കൾ നൽകണം. ഇതിൽ ഇതുവരെ നൽകിയത് 2.89 കോടി രൂപ മാത്രമാണ്. പതിനഞ്ചര കോടി നൽകേണ്ട ജയിൻ ഹൗസിംഗ് കൺസ്ട്രക്ഷൻ രണ്ട് കോടി രൂപയാണ് കൈമാറിയത്. ആൽഫ സെറീൻ 17.5 കോടിയും ഹോളി ഫെയ്ത്ത് 19.25 കോടിയും നൽകണം. പക്ഷേ ഇതുവരെ ഒരു രൂപയും ഈ രണ്ട് നിർമാതാക്കളും നൽകിയിട്ടില്ല.

പണം കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടും എന്ന് ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് പണിത അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാത്ത ചീഫ് സെക്രട്ടറിക്കെതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയിൽ അമിക്യസ് ക്യൂറിയോട് റിപ്പോർട്ട് നൽകാൻ സുപ്രിംകോടതി നിർദ്ദേശിച്ചു. മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് നടപടി.