തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വിക്ടേഴ്സ് ചാനലില്‍ നടത്തിവന്നിരുന്ന ‘ഫസ്റ്റ് ബെല്‍’ ക്ലാസുകള്‍ ഇന്നത്തോടെ അവസാനിച്ചു. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഉണ്ടായ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചത്.
ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30 ശനിയാഴ്ചയോടുകൂടി നിര്‍ത്തുന്ന കാര്യം കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് അറിയിച്ചിരുന്നു. 2021 ജൂണ്‍ ഒന്ന് മുതല്‍ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷന്‍, ലൈവ് ക്ലാസുകളും നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളുടെ സംപ്രേഷണം വര്‍ഷാവസാന പരീക്ഷയ്ക്ക് മുമ്പേ തന്നെ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പ്ലസ് വണ്‍ ക്ലാസുകളുടെ സംപ്രേഷണവും പൂര്‍ത്തിയാക്കിയതോടെയാണ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ നിര്‍ത്തുന്നത്.
ജനറല്‍, തമിഴ്, കന്നട മീഡിയങ്ങളുടെയും ഭാഷാവിഷയങ്ങളുടെയും ക്ലാസുകളും ഉള്‍പ്പെടെ 9500ലധികം ഡിജിറ്റല്‍ ക്ലാസുകളാണ് ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി ഈ വര്‍ഷം സംപ്രേഷണം ചെയ്തത്. എല്ലാ ക്ലാസുകളും ഏതു സമയത്തും കാണാവുന്ന തരത്തില്‍ firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ ക്ലാസുകള്‍ക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ഠിതമായ റിവിഷന്‍ ക്ലാസുകള്‍ കാഴ്ചാപരിമിതിയുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍, ശ്രവണ പരിമിതര്‍ക്കുള്ള സൈന്‍ അഡാപ്റ്റ് ക്ലാസുകള്‍ ഉള്‍പ്പെടെ തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, കല, കായിക, മാനസികാരോഗ്യ, വിനോദ പരിപാടികളും ഒപ്പം ഐസിടി അനുബന്ധമായ പ്രത്യേക ക്ലാസുകളും പ്രത്യേകമായി നിര്‍മ്മിച്ച് സംപ്രേഷണം ചെയ്തിട്ടുമുണ്ട്.
ഇതിനു പകരമായി ഇനി ഇക്യുബ് സ്റ്റോറീസ്, ശാസ്ത്രവും ചിന്തയും, മഹാമാരികള്‍, ജീവന്റെ തുടിപ്പ്, ശാസ്ത്രവിചാരം, മഞ്ചാടി, എങ്ങനെ എങ്ങനെ എങ്ങനെ, കളിയും കാര്യവും, ചരിത്രം തിരുത്തിയ തന്മാത്രകള്‍, കേരളം മണ്ണും മനുഷ്യനും, ഞാന്‍ സംരംഭകന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേഷണങ്ങളാകും ഉണ്ടാകുക. ഇതിന് പുറമെ പ്ലസ് വണ്‍ പരീക്ഷയ്ക്കായി മെയ് രണ്ടാംവാരത്തില്‍ റിവിഷന്‍, ലൈവ് ക്ലാസുകളും ഓഡിയോ ബുക്കുകളും ആരംഭിക്കും.