യുവതിയും കുഞ്ഞും തൂങ്ങി മരിച്ച നിലയിൽ

0
106

വര്‍ക്കല: ഭര്‍തൃപീഡനത്തില്‍ സഹികെട്ട യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു.

ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ മേല്‍ക്കോണം എസ്.എസ് നിവാസില്‍ ശരണ്യ (22), രണ്ടര വയസ്സുള്ള മകള്‍ നക്ഷത്ര എന്നിവരെയാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് ആണ് ശരണ്യയുടെ ഭര്‍ത്താവ്. ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിഞ്ഞിട്ടുണ്ടെന്നും കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂങ്ങി മരിച്ചതായിരിക്കുമെന്നാമ് പൊലീസ് പറയുന്നത്.

കല്ലറ സ്വദേശിനിയാണ് ശരണ്യ. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സ്ഥിരം മദ്യപാനിയായ സുജിത്ത് പതിവായി വീട്ടില്‍ വഴക്കും കലഹവും ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു.

ക്രൂരമായ മര്‍ദനത്തിന് ഇരയാകുമ്ബോഴെല്ലാം സഹികെട്ട ശരണ്യ മകളെയുമെടുത്ത് സ്വന്തം വീട്ടില്‍ പോകുമായിരുനു. ദിവസങ്ങള്‍ക്ക് ശേഷം സുജിത്ത് മടക്കി വിളിച്ചുകൊണ്ടു വരുന്നതും പതിവായിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയും ഇവര്‍ തമ്മില്‍ കലഹമുണ്ടായിരുന്നു. ജോലിക്ക് പോകാതെ വീട്ടില്‍ ഇരുന്ന് മദ്യപിച്ച സുജിത്ത് ശരണ്യയുമായി വഴക്കിട്ട ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. വൈകീട്ടോടെ തിരികെയെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്ന വാതില്‍ ചവിട്ടി പൊളിച്ച്‌ അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ശരണ്യയെയും കുഞ്ഞിനെയും കണ്ടെതന്നാണ് പ്രാഥമികവിവരം. ​

ഷീറ്റുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയിലെ മരക്കഷണത്തില്‍ കെട്ടിയ മുണ്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വര്‍ക്കല തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശരണ്യയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.