നല്ല ഭക്ഷണം നാടിന്റെ അവകാശം, മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മത്സ്യ’: മന്ത്രി വീണാ ജോര്‍ജ്

0
70

 

സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ പുതിയൊരു കാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി ‘ഓപ്പറേഷന്‍ മത്സ്യ’ ആവിഷ്‌ക്കരിച്ചു. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കും. കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതാണ്. അവര്‍ക്ക് തന്നെ മായം കണ്ടെത്താന്‍ കഴിയുന്ന ബോധവത്ക്കരണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ അയയ്ക്കുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

പൊതുജന പങ്കാളിത്തത്തോടു കൂടിയായിരിക്കും കാമ്പയിന്‍ നടപ്പിലാക്കുക. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ ഇവയാണ്. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍ഗോഡ് 8943346194

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയിരുന്നു. മീനിലെ മായം കണ്ടെത്താന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് 696 പരിശോധനകളാണ് നടത്തിയത്. 772 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കേടായ 1925 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പുതിയ കാമ്പയിന്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.