നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകള്‍ വേണം. 150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെടുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
ഇലക്ഷന്‍ പ്രവര്‍ത്തനത്തിലുള്ള ഉദ്യോഗസ്ഥരെ മുന്നണി പോരാളികളായാണ് കണക്കാക്കുന്നത്. അതിനാല്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ട് തടയുന്നതിന് കര്‍ശന നടപടികളുണ്ടാകും. കേന്ദ്രസേനയെ മലബാറില്‍ കൂടുതലായി വിന്യസിക്കും. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കണം. എന്തുകൊണ്ട് ഇവര്‍ക്ക് പകരം സ്ഥാനാര്‍ത്ഥികളില്ലാ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കും. പോളിംഗ് ഏജന്റുമാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.