ടാറ്റു സ്റ്റുഡിയോയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ലായ കൊച്ചിയിലെ ഇങ്ക് ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമ സുജേഷിനെതിരെ വീണ്ടും പരാതി. വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കൊച്ചിയിലെ കോളേജ് വിദ്യാർഥിനിയായിരുന്നു യുവതി. ഇടപ്പള്ളിയിലെ ടാറ്റു സ്റ്റുഡിയോയിൽ വെച്ച് സുജേഷ് പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ വിദേശ വനിത കൊച്ചി കമ്മീഷണർക്ക് പരാതി നൽകി. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു സുജേഷിനെതിരെ ആദ്യം ആരോപണം ഉയർന്നത്. ടാറ്റൂ ചെയ്യാനെത്തിയ യുവതിക്ക് മേൽ ലൈംഗിക അതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സമാന ആരോപണവുമായി നിരവധി യുവതികൾ രംഗത്തെത്തി.
പ്രതിക്കെതിരെ ആറു യുവതികളുടെ പരാതി ലഭിച്ചതോടെ ബലാൽസംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. 5 യുവതികൾ നേരിട്ടു പരാതി നൽകുകയും ഒരാൾ ഇമെയിലിൽ പരാതി അയക്കുകയും ചെയ്തു.
പിന്നാലെ ഒളിവിൽ പോയ ഇയാൾ ചേരാനല്ലൂരിലെത്തി പോലീസിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതോടെ വരും ദിവസങ്ങളിൽ സുജീഷിനെതിരെ കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ വിദേശ വനിതയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.