ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്; അറസ്‌റ്റ് ഉടൻ

0
56

കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ സജീവനെതിരെയാണ് പോലീസ് കേസടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മ സിപ്‌സിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിനാണ് കേസ്. ബാലനീതി നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഇരുവരെയും ഉടൻ അറസ്‌റ്റ് ചെയ്യും.

ശനിയാഴ്‌ച രാത്രിയാണ് അമ്മൂമ്മ സിപ്‌സിയും കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസും ചേര്‍ന്ന് ദമ്പതികൾ എന്ന വ്യാജേനെ രണ്ട് കുട്ടികളുമായി കലൂരിലെ ഹോട്ടലിലെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ സ്‌ത്രീ കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്നും സുഖമില്ലെന്നും പറഞ്ഞ് റിസപ്‌ഷനിൽ എത്തുകയായിരുന്നു. തുടർന്ന്, ഉടൻ തന്നെ ഇവർ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയി. പിന്നാലെയെത്തിയ ജോൺ ബിനോയിയും ആശുപത്രിയിലേക്ക് പോയി.

എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മ പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍ വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ഹോട്ടലിൽ മുറിയെടുത്ത സ്‌ത്രീയുടെ മകന്റെ കുഞ്ഞാണ് കൊല്ലപ്പെട്ട ഒന്നര വയസുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. ഇവരുടെ മകൻ അപകടത്തിൽ പരിക്കേറ്റ്‌ ചികിൽസയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ ഇവരാണ് പരിചരിച്ചിരുന്നത്. കൊലപാതകത്തിൽ സിപ്‌സിക്ക് നേരിട്ട് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ജോൺ ബിനോയിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്‌തമാകുമെന്നാണ് പോലീസ് പറയുന്നത്. അറസ്‌റ്റിലായ ജോൺ ബിനോയിയെ കസ്‌റ്റഡിയിൽ ലഭിക്കാൻ പോലീസ് ഉടനെ കോടതിയിൽ അപേക്ഷ നൽകും. ഇയാൾ നിലവിൽ റിമാൻഡിലാണ്.