ഡൽഹി ഗോകുൽപുരിയിലെ കുടിലുകൾക്ക് തീപിടിച്ച് 7 പേർ മരിച്ചു. 60 കുടിലുകൾ പൂർണമായും കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഡൽഹി ഫയർ സർവീസ് വിഭാഗം അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് ഏഴ് മൃതദേഹങ്ങൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. 13 അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തിയെന്നും അഡിഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (നോർത്ത് ഈസ്റ്റ്) ദേവേഷ് കുമാർ മഹ്ല വ്യക്തമാക്കി.
‘പുലർച്ചെ 1 മണിയോടെയാണ് ഗോകുൽപുരി പിഎസ് പ്രദേശത്ത് തീപിടുത്തമുണ്ടായത്. ഞങ്ങൾ അഗ്‌നിശമന സേനയുമായി ബന്ധപ്പെടുകയും ഉടൻ തന്നെ എല്ലാ രക്ഷാപ്രവർത്തന സജ്ജീകരണങ്ങളുമായി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയും ചെയ്തു. പുലർച്ചെ 4 മണിയോടെ തീ ഏറക്കുറേ അണയ്ക്കാനായി. സ്ഥിതി നിയന്ത്രണ വിധേയമാണ്.’ – നോർത്ത് ഈസ്റ്റ് ഡൽഹിയിലെ അഡിഷണൽ ഡിസിപി വ്യക്തമാക്കി.