ബജറ്റ്; സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പദ്ധതികൾ

0
57

സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ്. 2022–23ൽ ജെൻഡർ ബജറ്റിനായുള്ള അടങ്കൽ തുക 4665.20 കോടി രൂപയായി വർധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.90 ശതമാനമാണ്.

സ്‌ത്രീകൾക്കും കുട്ടികൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 16 പ്രത്യേക സ്‌കീമുകൾ ആരംഭിക്കുന്നതാണെന്ന് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

6 ജില്ലകളിലെ പ്രളയത്തിൽ തകർന്ന 29 അങ്കണവാടികളുടെ പുനരുദ്ധാരണം നടക്കുന്നു.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രതിമാസം 2000 രൂപ നിരക്കിൽ 18 മാസക്കാലം സാമ്പത്തിക സഹായം നൽകുന്ന ജനനി ജൻമരക്ഷാ പദ്ധതിക്ക് 16.5 കോടി അനുവദിച്ചു.

അട്ടപ്പാടി മേഖലയിലെ സ്‌ത്രീകളുടേയും കുട്ടികളുടേയും പോഷണ കുറവ് പരിഹരിക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് 25 കോടി വകയിരുത്തി.

സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കുന്നതിനുള്ള നിർഭയ പ്രവർത്തനങ്ങൾക്ക് 9 കോടിയും ലിംഗ അവബോധത്തിന് 1 കോടി രൂപയും വനിതാ ശാക്‌തീകരണത്തിന് 14 കോടിയും ഉൾപ്പടെ 24 കോടി അനുവദിച്ചു.

ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി വകയിരുത്തി.

അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തി. രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉൾപ്പെടുത്തും. ഇതിനായി 61.5 കോടി രൂപ വകയിരുത്തി.

സംയോജിത ശിശുവികസന പദ്ധതിക്കായി 188 കോടി രൂപ അനുവദിച്ചു.

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളിലൊരാളോ രണ്ടുപേരോ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്നതിന് 2 കോടി രൂപ വകയിരുത്തി.

ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോം ആരംഭിക്കുന്നതിന് 1.30 കോടി അനുവദിച്ചു.