ഇതിഹാസ ശ്രീലങ്കൻ പേസർ ലസിത് മലിംഗ ഐപിഎലിലേക്ക് തിരികെയെത്തുന്നു. രാജസ്ഥാൻ റോയൽസ് പേസ് ബൗളിംഗ് പരിശീലകനായാണ് മലിംഗ ഐപിഎലിൽ സെക്കൻഡ് ഇന്നിംഗ്സ് ആരംഭിക്കുന്നത്. മലിംഗയ്ക്കൊപ്പം രാജസ്ഥാൻ്റെ മുൻ പരിശീലകൻ പാഡി അപ്ടണും പരിശീലക സംഘത്തിൽ തിരികെയെത്തി.
2008 മുതൽ 2019 വരെ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ്. ഐപിഎലിലും രാജ്യാന്തര ക്രിക്കറ്റിലും ഏറെ മത്സരപരിചയമുള്ള, ടി-20യിലെ ഇതിഹാസ പേസറായി കണക്കാക്കപ്പെടുന്ന മലിംഗയുടെ വരവ് രാജസ്ഥാൻ പേസ് ഡിപ്പാർട്ട്മെൻ്റിനെ കൂടുതൽ ശക്തമാക്കും. യുവതാരങ്ങളെ മികച്ച താരങ്ങളാക്കുകയാണ് രാജസ്ഥാനിൽ തൻ്റെ ലക്ഷ്യമെന്ന് മലിംഗ അറിയിച്ചു.
ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സങ്കക്കാരയാണ് രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകൻ. ട്രെവർ പെന്നി, സുബിൻ ബറൂച്ച, ദിശാന്ത് യാഗ്നിക്ക് എന്നിവരും പരിശീലക സംഘത്തിലുണ്ട്.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.