ഓൺലൈൻ ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി തുമ്പമട ആറ്റിൻപുറം വീട്ടിൽ നിതിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം എംഡിഎംഎ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി കലൂർ സ്‌റ്റേഡിയം റൗണ്ട് റോഡിൽ ലഹരിമരുന്ന് കൈമാറാൻ എത്തിയപ്പോഴാണ് നിതിനെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാളുടെ കയ്യിൽ നിന്നും ലഹരിമരുന്ന് വാങ്ങാറുണ്ടായിരുന്ന വിദ്യാർഥിനിയുടെ സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് വിൽപന കണ്ടെത്തിയത്. ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ആപ്പിൽ നൽകിയ ലൊക്കേഷൻ കൃത്യമല്ലെന്നും തന്റെ വാട്‍സ്ആപ്പിലേക്ക് ലൊക്കേഷൻ അയക്കാനും ഇയാളും ആവശ്യപ്പെടും. ഇങ്ങനെ നമ്പർ കൈക്കലാക്കുന്ന ഇയാൾ അവരുമായി സൗഹൃദം സ്‌ഥാപിച്ച ശേഷമാണ് മയക്കുമരുന്ന് വിൽപന നടത്തുക.
പാർട്ടി ഗ്രേഡ് എന്ന് വിളിക്കുന്ന ലഹരി മരുന്നാണ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. നിശാപാർട്ടികളിൽ ഉപയോഗിച്ചുവരുന്ന ലഹരിമരുന്നാണ് ഇതെന്നും, 16 മുതൽ 24 മണിക്കൂർ വരെ ഉൻമാദാവസ്‌ഥയിൽ നിലനിർത്താൻ ഇതിന് സാധിക്കുമെന്നും എക്‌സൈസ് വ്യക്‌തമാക്കി. ഗ്രാമിന് 3000 രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നതെന്നും എക്‌സൈസ് കൂട്ടിച്ചേർത്തു.