കോവിഡ് നാലാം തരംഗവും, വിലക്കയറ്റവും പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം; ധനമന്ത്രി

0
92

സംസ്‌ഥാനത്ത് പ്രതിസന്ധികൾ അവസാനിച്ചെന്ന് കരുതാൻ സാധിക്കില്ലെന്നും, കോവിഡ് നാലാം തരംഗം ഉൾപ്പടെയുള്ളവ ഉണ്ടായേക്കാമെന്നും വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിൽ വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധികളും സംസ്‌ഥാനത്ത് ഉടലെടുത്തേക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി സംസാരിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്‌.

എന്നാല്‍ പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്ന ആത്‌മവിശ്വാസം കേരളം നേടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുടെ കെടുതിയിൽ നിന്നും സംസ്‌ഥാനം ആശ്വാസം തേടി വരുമ്പോഴാണ് യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റേയും ഭീഷണി ലോകമെമ്പാടുമുള്ള മനുഷ്യന്റെ സ്വസ്‌ഥത തകര്‍ക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം ലോകത്തെ മൂന്നാംലോക മഹായുദ്ധത്തിന്റെയും, സര്‍വവും നശിപ്പിക്കാന്‍ ശേഷിയുള്ള ആണവയുദ്ധത്തിന്റേയും വക്കിലെത്തിച്ചെന്നും, ഇപ്പോഴും അതിനുള്ള സാധ്യത ഒഴിഞ്ഞു പോയിട്ടില്ലെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്‌തമാക്കി.