പ്രശസ്‌ത മാർക്‌സിസ്‌റ്റ് ചിന്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽവച്ചാണ് അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഐജാസ് അഹമ്മദ് കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിവിട്ടത്. യുഎസിലും കാനഡയിലുമടക്കം നിരവധി യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായിരുന്ന അദ്ദേഹം 2017ൽ കാലിഫോർണിയ സർവകലാശാല യു.സി ഇർവിൻ സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസിൽ കംപാരിറ്റീവ് ലിറ്ററേചർ ഡിപ്പാർട്ട്‌മെന്റിൽ ചാൻസലേഴ്‌സ് പ്രൊഫസർ പദവിയിൽ പ്രവേശിച്ചു. ഫ്രണ്ട്‌ലൈനിൽ എഡിറ്റോറിയൽ കൺസൾട്ടന്റായും, ന്യൂസ്‌ക്ലിക്കിൽ ന്യൂസ് അനലിസ്‌റ്റായും പ്രവർത്തിച്ചിണ്ട്.
പ്രഭാത് പട്‌നായിക്കിനും ഇർഫാൻ ഹബീബിനുമൊപ്പം രചിച്ച ‘എ വേൾഡ് ടു വിൻ: എസ്സേയ്‌സ് ഓൺ ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പ്രധാന കൃതികളിലൊന്നാണ്. 1941ൽ ഉത്തർപ്രദേശിൽ ജനിച്ച ഐജാസ് അഹമ്മദിന്റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.
ന്യൂഡൽഹിയിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, സെന്റർ ഓഫ് കണ്ടംപററി സ്റ്റഡീസിൽ പ്രൊഫസോറിയൽ ഫെലോ, ടൊറന്റോ യോർക്ക് യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് വിസിറ്റിങ് പ്രൊഫസർ എന്നീ സ്ഥാനങ്ങളിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്. ‘മുസ്‌ലിംസ് ഇൻ ഇന്ത്യ: ബീഹാർ’, സോഷ്യൽ ജിയോഗ്രഫി, ‘ഇൻ തിയറി: ക്ലാസസ്, നേഷൻസ് ആൻഡ് ലിറ്ററേചർ’, ‘ഇറാഖ്, അഫ്‌ഗാനിസ്ഥാൻ ആൻഡ് ദ ഇംപീരിയലിസം ഓഫ് അവർ ടൈം’, ‘ഇൻ അവർ ടൈം: എംപയർ, പൊളിറ്റിക്‌സ്, കൾചർ’ എന്നിവയാണ് പ്രധാന കൃതികൾ.