ഫിഫ, യുവേഫ വിലക്കിനെതിരെ അപ്പീലുമായി റഷ്യ

0
58

ഫിഫയും യുവേഫയും ഏർപ്പെടുത്തിയ വിലക്കിനെതിരെ അപ്പീലുമായി റഷ്യ. പോളണ്ടിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ അനുമതി നൽകണമെന്നാണ് റഷ്യയുടെ ആവശ്യം. ഫുട്ബോൾ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന് റഷ്യൻ ക്ലബുകളെ യുവേഫ വിലക്കിയപ്പോൾ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് റഷ്യൻ ദേശീയ ടീമിനെ ഫിഫ വിലക്കുകയായിരുന്നു.

യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ റഷ്യയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തിയിരുന്നു. റഷ്യൻ ടിവിയുമായുള്ള കരാർ അവസാനിപ്പിക്കാൻ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ ക്ലബുകൾ തീരുമാനിച്ചു. സീസൺ അവസാനം വരെയായിരുന്നു റഷ്യൻ ടിവിയ്ക്ക് പ്രീമിയർ ലീഗുമായി കരാറുണ്ടായിരുന്നത്. ഇത് റദ്ദാക്കിയതായി പ്രീമിയർ ലീഗ് അറിയിച്ചു.

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ടത് ആകെ 474 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 861 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണ സംഖ്യ ഇനിയും ഉയരുമെന്നും കൃത്യമായ കണക്കുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വാർത്താകുറിപ്പിൽ യുഎൻ അറിയിച്ചു.

യുക്രൈനിലെ അഞ്ച് നഗരങ്ങൽ വെടിനിർത്തൽ പ്രാബല്യത്തിലെന്ന് റഷ്യ അറിയിച്ചിരുന്നു. തലസ്ഥാനമായ കീവ്, ചെർണിവ്, മരിയുപോൾ, സുമി, ഖാർക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. മോസ്‌കോ സമയം രാവിലെ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.