ഡിജിറ്റല്‍ സർവേ പൂർത്തിയാക്കാൻ തദ്ദേശ ജനപ്രതിനിധികളുടെ പൂര്‍ണ്ണ സഹായവും സഹകരണവും ഉണ്ടാകണമെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദന്‍. ഡിജിറ്റല്‍ സർവേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തീരുമെന്നും എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാനാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡിജിറ്റല്‍ സർവേയുടെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പദ്ധതി ഏപ്രില്‍ മാസത്തോടെ ആരംഭിക്കുമെന്ന് അധ്യക്ഷനായ റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. 1666 വില്ലേജുകളില്‍ 1550 വില്ലേജുകളിലും നാലുവര്‍ഷക്കാലം കൊണ്ട് ഡിജിറ്റല്‍ റീസർവേ പൂർത്തിയാക്കും. 89 വില്ലേജുകളില്‍ റീസര്‍വ്വെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 27 വില്ലേജുകളില്‍ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നു. നാലുവര്‍ഷക്കാലം കൊണ്ട് കേരളത്തെ പൂര്‍ണ്ണമായി ഡിജിറ്റലായി അളക്കുക എന്ന നടപടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിനായി 807 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരവും ആദ്യഘട്ടമായി 339 കോടി രൂപ റീബില്‍ഡ്കേരള ഇനീഷിയേറ്റീവില്‍ ഉള്‍പ്പെടുത്തി സര്‍വെ വകുപ്പിന് അനുവദിക്കുകയും ചെയ്തു.
സർവേക്കായി 1500 ഓളം സര്‍വെയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജ് വീതവും നാലാമത്തെ വര്‍ഷത്തില്‍ 350 വില്ലേജും പൂര്‍ത്തിയാക്കും. നാലു വര്‍ഷത്തിനുള്ളില്‍ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കി ഭൂസംബന്ധമായ നടപടികള്‍ ഓണ്‍ലൈനില്‍ കൊണ്ടുവരും- മന്ത്രി അറിയിച്ചു.