കൊവിഡ് നഷ്ടപരിഹാരത്തിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍: വിഷയം ഗുരുതരമെന്ന് സുപ്രീംകോടതി

0
29

കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നത് ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരം സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും സുപ്രീംകോടതി സൂചന നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സമയപരിധി ആവശ്യമാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി വിഷയം അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

നഷ്ടപരിഹരത്തിന് ക്ലെയിം ചെയ്യുന്നതിന് സമയപരിധി വക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദത്തോട് കോടതി യോജിച്ചു. സമയപരിധി ആവശ്യമെന്നും ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുപോകുമെന്നും എം ആര്‍ ഷാ, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.