തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പദ്ധതിയുടെ മാതൃകയില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ നിര്‍മ്മിച്ചത്.
പദ്ധതിയുടെ കീഴില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, പെരുങ്കടവിള സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായി നാല് സംസ്‌കരണ യൂണിറ്റുകളാണ് നിര്‍മ്മിച്ചത്. 8,58,237 രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.
സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തിന് വിജയകരമായി ഉപയോഗിക്കുന്ന എയറോബിക് മാതൃകയാണ് തുമ്പൂര്‍മുഴി. ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കുന്ന സംവിധാനമാണിത്. പരിമിതമായ സ്ഥലത്തും ദുര്‍ഗന്ധ രഹിതമായി മാലിന്യസംസ്‌കരണം സാധ്യമാക്കുന്നതാണ് ഈ മാതൃകയെ ജനപ്രിയമാക്കിയത്. മാലിന്യ സംസ്‌കരണത്തിനായി രണ്ട് അഴിക്കൂടുകളാണ് പെരിങ്കടവിള ബ്ലോക്കിലെ യൂണിറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇവിടെ നിന്നും ലഭിക്കുന്ന ജൈവമാലിന്യം ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്കില്‍ ഒരുങ്ങുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇത്തരം മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.