കൂട്ടിയിട്ട ബാഗുകളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി ‘ഡോണ്‍’; ഉടമയെ ‘ചേതക്’ മണത്ത് കണ്ടുപിടിച്ചു

0
90

കോട്ടയത്ത് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവും കൂട്ടിയിട്ട ബാഗില്‍ നിന്നും അതിന്റെ ഉടമയെയും മണത്തറിഞ്ഞ് പൊലീസ്. ഡോണും ചേതകുമാണ് കഞ്ചാവും കടത്താന്‍ ശ്രമിച്ച അതിഥി തൊഴിലാളിയേയും പിടികൂടിയത്.

ഒഡീഷ സന്തോഷ്പുര സ്വദേശിയായ പരേഷ് നായിക്ക്(29) ആണ് പിടിയിലായത്. വെള്ളിയാഴ്ച കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ഡോണും ചേതകും ചേര്‍ന്ന് തൊണ്ടി മുതലും അത് സുക്ഷിച്ചിരുന്ന ബാഗിന്റെ ഉടമയേയും ആള്‍ക്കൂട്ടത്തില്‍ നിന്നും മണത്ത് കണ്ടുപിടിച്ചത്.

ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഡോണ്‍ കഞ്ചാവ് കണ്ടെത്തുന്ന സ്‌നിഫര്‍ വിഭാഗത്തിലെ നായയാണ്. അതേസമയം, ബാഗിന്റെ ഉടമയെ കണ്ടെത്തിയ ചേതക് ആകട്ടെ ബല്‍ജിയം മെലിനോയിസ് ഇനത്തില്‍പെട്ട ട്രാക്കര്‍ നായയാണ്. സൂപ്പര്‍ പെലീസ് നായയെന്നാണ് ചേതക് അറിയപ്പെടുന്നത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോണിനേയും ചേതക്കിനേയും ഉള്‍പ്പെടുത്തി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. വെള്ളിയാഴ്ച ഷാലിമാര്‍ എക്‌സ്പ്രസില്‍ എത്തിയ ഒഡീഷ സ്വദേശി പരേഷ് നായിക്കിന്റെ ബാഗിലൊളിപ്പിച്ച നാല് കിലോ കഞ്ചാവ് പിടികൂടി.

പൊലീസും നര്‍കോട്ടിക്‌സ് സംഘവും ചേര്‍ന്ന് വ്യാപകമായി നടത്തിയ പരിശോധനയില്‍ എട്ടു പേരെ പിടികൂടിയെങ്കിലും ബാഗ് ആരുടേതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ബാഗിലെ തുണിക്കഷണത്തില്‍നിന്നു മണം പിടിച്ചാണു ചേതക് ഉടമയെ കണ്ടെത്തിയത്.