വയോധികയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച്‌ മാല മോഷണം; മാതാവും മകളും അറസ്റ്റില്‍

0
46

വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച്‌ സ്വര്‍ണമാല കവര്‍ന്ന മാതാവിനെയും മകളെയും സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കവയലില്‍ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകീട്ട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തുവെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് വന്ന 72കാരിയെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ മാറ്റി നിര്‍ത്തിയശേഷം മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്യുകയായിരുന്നു. പിന്നാലെ അവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്‍റെ മാല ഇരുവരും കവര്‍ന്നതായാണ് വയോധിക നല്‍കിയ പരാതി.

വയോധിക ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യുവതിയുടെ കുഞ്ഞിന് സ്വര്‍ണാഭരണങ്ങളൊന്നുമില്ലാത്തതിനാലാണ് തങ്ങള്‍ കവര്‍ച്ചാ മാര്‍ഗം തെരഞ്ഞെടുത്തതെന്നാണ് ഇരുവരും പൊലീസിന് മൊഴി നല്‍കിയത്.