വ്ലോഗർ നേഹ നിഥിന്റെ ദുരൂഹമരണം: ഒപ്പം താമസിച്ച കാസർകോട് സ്വദേശി മുങ്ങി?

0
123

കണ്ണൂര്‍ സ്വദേശിനിയും വ്ളോഗറുമായ നേഹാ നിഥിനെ (27) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഫാനില്‍ ഷാളുപയോഗിച്ച്‌ കുരുക്കിട്ട് തൂങ്ങി നില്‍ക്കുകയായിരുന്നു നേഹ. എന്നാല്‍ നേഹയുടെ മുട്ടുകാല്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ നേഹക്കൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന കസര്‍കോട് സ്വദേശി സിദ്ധാര്‍ത്ഥ് നായർ മുങ്ങിയിരിക്കുകയാണ്. ഇയാളെ പൊലീസ് തിരയുകയാണ്. ഒളിവിലാണെന്ന് മാത്രമേ പൊലീസിനും വിവരമുള്ളു. മരണസമയത്ത് നേഹയുടെ ഒപ്പമുണ്ടായിരുന്നത് നെട്ടൂര്‍ സ്വദേശിയായ മുഹമ്മദ് സനൂജായിരുന്നു. സിദ്ധാര്‍ത്ഥ് നായരുടെ സുഹൃത്തായിരുന്നു ഇയാള്‍. മുഹമ്മദ് സനൂജാണ് നേഹ തൂങ്ങിമരിച്ചു എന്ന് അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരോട് പറഞ്ഞത്.

ഫെബ്രുവരി 28നാണ് വ്‌ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേഹയ്‌ക്കൊപ്പം താമസിച്ച സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഭര്‍ത്താവുമായി അകന്ന നേഹ ആറു മാസം മുന്‍പാണ് കൊച്ചിയിലെത്തിയത്. കൂടെ താമസിച്ചിരുന്ന യുവാവ് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അയാള്‍ കബളിപ്പിക്കുകയാണെന്ന് മനസിലായതോടെ നേഹ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സുഹൃത്തുകള്‍ പറയുന്നു.

നേരത്തെ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ച് അടുത്ത സുഹൃത്തുകള്‍ക്ക് നേഹ സന്ദേശം അയക്കുകയും ചെയ്തിരുന്നു. മരണ വിവരം അറിഞ്ഞെത്തിയ പൊലീസ് നേഹയുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയതായും വിവരമുണ്ട്. മാത്രമല്ല, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നു യുവാക്കളില്‍ ഒരാളുടെ പക്കല്‍നിന്നു 15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തി.

ആറുമാസം മുന്‍പാണ് പോണേക്കര ജവാന്‍ ക്രോസ് റോഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ സിദ്ധാര്‍ത്ഥിനൊപ്പം താമസത്തിനെത്തിയത്. ഭാര്യാ ഭര്‍ത്താക്കന്മാരാണ് എന്ന് പറഞ്ഞാണ് എച്ച്‌.ഡി.എഫ്സി ബാങ്ക് മാനേജരുടെ ഉടമസ്ഥതയിലുള്ള മുറിയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. കാക്കനാട് ഐ ടി കമ്പനിയിൽ ജോലിയെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സിദ്ധാർത്ഥ് നായർ മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നേഹയുടെ മരണത്തിന് പിന്നില്‍ കാസര്‍കോട് സ്വദേശിയായ സിദ്ധാര്‍ത്ഥ് നായരാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.