വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

0
34

വയനാട് ബത്തേരി മണിച്ചിറക്കടുത്ത് സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയേയും യുവാവിനെയും മരിച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ റസിഡൻസിയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും മുറിയിലെ ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരും മുറിയെടുത്തത്. സമയം ഏറെയായിട്ടും ഇരുവരെയും പുറത്ത് കാണാത്തതിനാലും വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാലും റസിഡന്‍സി അധികൃതര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. യുവതിയും യുവാവും തമ്മില്‍ ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056)