വിദ്യാര്‍ഥിനിയുടെ പീഡന പരാതിയെതുടര്‍ന്ന് അറസ്റ്റിലായ സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന് കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. കസ്റ്റഡിയിലിരിക്കെയാണ് അറസ്റ്റിലായ ഡോ. എസ് സുനില്‍കുമാര്‍ കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ അരണാട്ടുകര സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ഡോ. എസ് സുനില്‍കുമാര്‍ ഒട്ടേറെ തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത അധ്യാപകനെ തൃശൂരിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ ജീപ്പില്‍ വെച്ചാണ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കൈഞരമ്പ് മുറിക്കാന്‍ ശ്രമം നടത്തിയത്. വസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ച ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആഴത്തില്‍ മുറിവേറ്റില്ല.
ഇതോടെ അധ്യാപകനെതിരെ ആത്മഹത്യശ്രമത്തിന് പൊലീസ് കേസെടുത്തു. സുഹ്യത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് പ്രതി പിടിയിലായത്. സുനില്‍ കുമാറിനെതിരെ വെസ്റ്റ് പോലീസ് ബലാത്സംഗ കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സ്ഥാപനത്തില്‍ നിന്നും ഇയാളെ സസ്പെഡന്‍ഡ് ചെയ്തിരുന്നു.