പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ തിരുത്തി മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

0
43

ഇഎംസിസിയുമായി ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ചര്‍ച്ച ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പ്രോജക്ട് ചര്‍ച്ച ചെയ്തുവെന്നത് അസംബന്ധമാണ്. ആദ്യം പ്രോജക്ട് അമേരിക്കയില്‍ വച്ച് ചര്‍ച്ച ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇപ്പോള്‍ പറയുന്നത് കേരളത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ്. നിരവധി ആളുകള്‍ കാണാന്‍ വരാറുണ്ട്. കാണാന്‍ വന്നോ എന്നതല്ല പ്രശ്‌നം. പദ്ധതിക്ക് അനുമതി കൊടുത്തോ എന്നുള്ളതാണെന്നും മന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല സ്വപ്‌നാ സുരേഷിനൊപ്പം നില്‍ക്കുന്ന പടം പത്രത്തില്‍ വന്നു. സ്വപ്‌നാ സുരേഷിനെ കണ്ടുവെന്ന് വച്ച് സ്വര്‍ണക്കടത്തില്‍ രമേശ് ചെന്നിത്തല പങ്കാളിയായി എന്നോണോ? അതുകൊണ്ട് ആരെങ്കിലും വന്ന് കണ്ടാല്‍ അതെല്ലാം പദ്ധതികളാണെന്ന് പറയേണ്ടതില്ല.

പ്രതിപക്ഷ നേതാവ് കുറച്ച് കഴിഞ്ഞ് ആരോപണങ്ങള്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോപണങ്ങള്‍ തിരുത്തി മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തല കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ മനസിലാക്കണം. രാഹുല്‍ ഗാന്ധി വരുന്നതിന് മുന്നോടിയായുള്ള അജണ്ടയുടെ റിഹേഴ്‌സലാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ രമേശ് ചെന്നിത്തല നോക്കുകയാണെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.