വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്‌റ്റിൽ

0
43

പാലക്കാട് ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ. തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പ് ആണ് അറസ്‌റ്റിലായത്‌. കുഴൽമന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നടന്നത് കൊലപാതകമാണെന്നും ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച ആദർശിന്റെ പിതാവ് രാഗത്തെത്തിയിട്ടുണ്ട്.

അപകടത്തിന് മുൻപ് യുവാക്കളും ഔസേപ്പും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ബസ് തട്ടി യുവാക്കൾ ലോറിക്ക് അടിയിലേക്ക് വീണത്. ഈ മാസം 7ആം തീയതിയാണ് കെഎസ്ആർടിസി ബസ് ഇടിച്ച് ആദർശും, സബിത്തും മരണപ്പെട്ടത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ചാണ് അപകടം. കെഎസ്ആർടിസി ഡ്രൈവർ മനപ്പൂർവ്വം അപകടമുണ്ടാക്കിയതായി സംശയിക്കുന്നതായി അപകടത്തിൽ മരിച്ച സബിത്തിന്റെ സഹോദരൻ കെ ശരതും മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്‌തമായത്. ഈ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ കെഎസ്ആർടിസി വടക്കാഞ്ചേരി ഓപ്പറേറ്റിം​ഗ് സെന്ററിലെ ഡ്രൈവറായ സിഎൽ ഔസേപ്പിനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. കാര്യങ്ങളിൽ കൂടുതൽ വ്യക്‌തത ലഭിക്കാൻ ഡ്രൈവറെ പോലീസ് ഉടൻ ചോദ്യം ചെയ്യും.