കേരളത്തെ പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ട് ചെയ്യണമെന്ന ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ പ്രസ്താവന ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന നേട്ടങ്ങളെ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി യോഗിക്കെതിരെ വീണ്ടും രംഗത്തെത്തിയത്.
ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയില്‍ മുന്‍നിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘കേരളത്തിന്റെ നേട്ടങ്ങളെ കേന്ദ്ര സര്‍ക്കാരും അതിന്റെ വിവിധ ഏജന്‍സികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തര്‍പ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത്. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രര്‍ ഉള്ള സംസ്ഥാനം കേരളമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീതി ആയോഗിന്റെ തന്നെ 2020-21-ലെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്. കേരളത്തില്‍ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. കേരളത്തില്‍ 97.9% സ്ത്രീകള്‍ സാക്ഷരര്‍ ആണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്. വികസിതരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ക്കൊപ്പം നില്‍ക്കുന്ന കണക്കാണതെന്നും മുഖ്യമന്ത്രി പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം