ലഖിംപൂർ ഖേരിയിൽ കർഷകർക്കു നേരെ വാഹനമോടിച്ചു കയറ്റിയ ആശിഷ് മിശ്രയ്ക്ക് ജാമ്യം

0
29

ലഖിംപൂർ ഖേരിയിൽ കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെയായിരുന്നു ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.

നേരത്തെയും ആശിഷ് ജാമ്യാപേക്ഷ നൽകിയിരുന്നു എന്നാൽ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനിടയിലാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ മൂന്ന് പേർ കർഷകർക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു ഇവർക്കെതിരെയുണ്ടായിരുന്ന കേസ്. ഇതിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളിൽ രണ്ട് ബി.ജെ.പി പ്രവർത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതിൽ ആറ് കർഷകരേയും അറസ്റ്റ് ചെ്തിരുന്നു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ആശിഷ് മിശ്രയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രത്തിൽ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേർ ജയിലിലിലായിരുന്നു. വിരേന്ദ്ര കുമാർ ശുക്ല എന്നയാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചാർത്തിയിരുന്നു.