ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോർട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാനെന്നും, വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ച് അഭിപ്രായം പറയാനെന്നും ഹൈക്കോടതി വിധിയിലൂടെ വ്യക്തമാക്കി.
ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അപ്പുറം സിനിമയിൽ നിയമ വിരുദ്ധമായി ദൃശ്യങ്ങളോ സംഭാഷണങ്ങളോ ഇല്ലെന്നാണ് എഡിജിപി പത്മകുമാർ സമിതി സിനിമ കണ്ട് വിലയിരുത്തിയത്. ഒടിടി പ്ളാറ്റ്ഫോമുകൾ പൊതുഇടമായി കണക്കാനാകാത്തതിനാൽ സിനിമക്കെതിരെ നിയമ നടപടികളുടെ ആവശ്യമില്ലെന്നും സമിതി ഡിജിപിക്ക് റിപ്പോർട് നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിനിമ പോലീസ് പരിശോധിച്ചത്.
എഡിജിപി പത്മകുമാറിനെ കൂടാതെ എസ്പി ഡോ. ദിവ്യ ഗോപിനാഥ്, ഡിസിപി ഡോ. നസീം, പോലീസ് ആസ്ഥാനത്തെ നിയമോപദേശക കെആർ സുചിത്ര, വിവർത്തക ഡിഎസ് അതുല്യ എന്നിവരും സമിതിയിലുണ്ടായിരുന്നു. ആദ്യമായാണ് ഒരു സിനിമ പ്രദർശന യോഗ്യമാണോയെന്ന് പോലീസ് കണ്ട് വിലയിരുത്തി കോടതിക്ക് റിപ്പോർട് നൽകുന്നത്.
സോണി ലിവിൽ റിലീസ് ചെയ്ത ചുരുളി സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും കഥാ സന്ദർഭവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിൽ സഭ്യമല്ലാത്ത ഭാഷയും ദൃശ്യങ്ങളുമുണ്ടെന്നും ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സിനിമ പരിശോധിക്കാൻ ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.