സിവിൽ സ്റ്റേഷനിൽ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മെഡിക്കൽ ലബോറട്ടറി സർവീസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കളക്ടർ നവ്‌ജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു.
സിവിൽ സ്റ്റേഷൻ ജീവനക്കാർക്കും കടുംബാംഗങ്ങൾക്കും ആവശ്യമായ രോഗനിർണയ പരിശോധനാ സേവനങ്ങൾ ഈ കേന്ദ്രത്തിലൂടെ ലഭ്യമാകുമെന്ന് കളക്ടർ പറഞ്ഞു.
ജോലിത്തിരക്കിനിടയിൽ പല ജീവനക്കാരും തങ്ങളുടെ ആരോഗ്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. സ്ഥിരമായി മെഡിക്കൽ പരിശോധന നടത്തുന്നത് വഴി ക്യത്യമായ ആരോഗ്യസംരക്ഷണത്തിന് അവസരം ലഭിക്കും. ഇത് പരിഗണിച്ചാണ് ആരോഗ്യരംഗത്തെ പ്രമുഖ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുമായി ധാരണയിലെത്തിയതെന്നും കളക്ടർ കൂട്ടിച്ചേർത്തു.
രാവിലെ എട്ട് മണി മുതൽ മൂന്ന് മണി വരെയാണ് ലാബിന്റെ പ്രവർത്തനം. രക്ത പരിശോധന, ഹോർമോൺ ടെസ്റ്റുകൾ, ആർ.ടി.പി.സി.ആർ, ആന്റിജൻ തുടങ്ങിയ എല്ലാ ലബോറിട്ടറി ടെസ്റ്റുകളും ഇവിടെ നടത്താം. പോസ്റ്റ് കോവിഡ് ടെസ്റ്റുകൾക്കുള്ള സൗകര്യവുമിവിടെയുണ്ട്. കോവിഡ് മുക്തമായി ഏഴു ദിവസത്തിനു ശേഷം ഈ ടെസ്റ്റ് ചെയ്യാവുന്നതാണ്. പരിശോധനാ ഫലങ്ങൾ ഓൺലൈനിൽ ലഭ്യമാകും. കേന്ദ്ര സർക്കാർ ഹെൽത്ത് സ്‌കീം അനുസരിച്ചുള്ള നിരക്കുകളാണ് ഈടാക്കുന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആർ. ജി. സി. ബി നിയമസഭ, സെക്രട്ടറിയേറ്റ് തുടങ്ങിയ വിവിധ സർക്കാർ സംവിധാനങ്ങളിൽ മെഡിക്കൽ ലബോറട്ടറി സർവീസ് യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
ഹുസൂർ ശിരസ്തദാർ ടി.എസ്. അനിൽ കുമാർ, ആർ.ജി.സി.ബി ഉദ്യോഗസ്ഥർ, സിവിൽ സ്‌റ്റേഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.