കോഴിക്കോട് വലിയങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 110 ചാക്ക് അരിയും 73 ചാക്ക് ഗോതമ്പും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. റേഷൻ കടകളിൽ നിന്ന് കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാൻ വലിയങ്ങാടിയിൽ പ്രത്യേകം ഗോഡൗൺ തന്നെ സെറ്റ് ചെയ്താണ് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികൾ റേഷൻ കടത്ത് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പലതവണയായി സ്കൂട്ടറിലും ഓട്ടോറിക്ഷയിലും റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ ഗോഡൗണിൽ എത്തിക്കും.
പിന്നീട് ഒരു ലോഡിനുള്ള സാധനങ്ങൾ ആവുമ്പോൾ പുറം ജില്ലകളിലെ മില്ലുകളിലേക്ക് ഇവ അയക്കും. അരിപ്പൊടി, ഗോതമ്പ് പൊടി നിർമാണത്തിനാണ് ഇവ പ്രധാനമായും കടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. വലിയങ്ങാടിയിലെ സ്വകാര്യ സ്ഥാപനമായ സീന ട്രേഡേഴ്സിൽ നിന്നാണ് കഴിഞ്ഞ ദിവസം സാധനങ്ങൾ പിടിച്ചെടുത്തത്. കട നടത്തിപ്പുകാരനായ സി നിർമൽ, കടയിലെ സഹായി ഹുസൈൻ, ലോറി ഡ്രൈവർ അപ്പുക്കുട്ടൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അരി വളാഞ്ചേരിയിലേക്ക് കടത്തിക്കൊണ്ടു പോകാനിരിക്കെയാണ് ടൗൺ സിഐ സി അനിതകുമാരിയും സംഘവും ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന് പിന്നിൽ ജില്ലയിലെ വൻ സംഘങ്ങൾ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു. തീരദേശത്തെ റേഷൻ കടകളിൽ നിന്നാണ് പ്രധാനമായും അരി ശേഖരിച്ചത്. വാങ്ങാൻ ആളില്ലാത്ത അരിയും ഗോതമ്പുമാണ് രേഖയിൽ കൃത്രിമം കാണിച്ച് റേഷൻ കടയുടമകൾ മറിച്ച് വിൽക്കുന്നത്.