കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽനിന്ന് കാണാതായ ലാപ്ടോപ്പ് തിരിച്ചുകിട്ടിയെങ്കിലും പോലീസുകാരുടെ പൊല്ലാപ്പ് അവസാനിക്കുന്നില്ല. ഒരു എസ്.ഐ.യുടെ കസ്റ്റഡിയിൽ മുറിയിലെ മേശയുടെ വലിപ്പിൽ സൂക്ഷിച്ച ലാപ്ടോപ്പാണ് കാണാതെ പോയിരുന്നത്.
സംഭവത്തിൽ ഐ.പി.സി. 380 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ കേസെടുത്താൽ കാണാതായ വസ്തു തിരിച്ചുകിട്ടിയാലും അത് മോഷണമുതൽ എന്ന നിലയിലാണ് പരിഗണിക്കുക. മോഷ്ടാവിനെ കണ്ടെത്തുകയെന്നതാണ് അടുത്ത നടപടി.
അതിനാൽ, ലാപ്ടോപ്പ് കണ്ടെത്തിയിട്ടും സ്റ്റേഷനിലെ പോലീസുകാരും ഹോം ഗാർഡും ഉൾപ്പെടെയുള്ള 44 ഉദ്യോഗസ്ഥരും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ലാപ്ടോപ്പ് കാണാതായ ഒക്ടോബർ 12-ന് ജോലിക്കുണ്ടായിരുന്ന പത്ത് പോലീസുകാരുടെയും വിരലടയാളം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലാപ്ടോപ്പ് ജനുവരി 24-ന് തിരിച്ചുകിട്ടിയപ്പോൾതന്നെ സിറ്റി പോലീസിന്റെ വിരലടയാളവിദഗ്ധരെത്തിയിരുന്നു. പരിശോധനയിൽ വ്യക്തമായ രീതിയിലുള്ള വിരലടയാളമൊന്നും ലഭിച്ചില്ല.
മങ്ങിയനിലയിൽ കിട്ടിയിട്ടുള്ള വിരലടയാളം ആരുടേതാണെന്ന് കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ് അന്വേഷണസംഘം. ഇത്തരമൊരു സംഭവം സിറ്റി പോലീസിന്റെ ചരിത്രത്തിൽ ആദ്യമാണെന്നാണ് പോലീസുകാർ പറയുന്നത്.
അതിനാൽ, ഉത്തരവാദികളെ കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്റ്റേഷൻ ഇൻസ്പെക്ടർ നേരിട്ടന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നാണ് സിറ്റി പോലീസ് മേധാവി എ.വി. ജോർജിന്റെ നിർദേശം. ലാപ്ടോപ്പ് സൂക്ഷിച്ച മുറിയിൽ സി.സി.ടി.വി. ഇല്ലാത്തതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്