സംസ്ഥാനത്ത് അനന്തപൂർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ 9 പേർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർ ദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അനന്തപൂർ-ബെല്ലാരി ഹൈവേയിൽ വിടപനക്കൽ ബ്ളോക്കിലെ കടലാപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
സംസ്ഥാന ഭാരതീയ ജനതാ പാർട്ടി നിർവാഹക സമിതി അംഗം കോര വെങ്കിട്ടപ്പയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ബെല്ലാരിയിൽ നിന്ന് അനന്തപൂരിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അമിത വേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറ് പൂർണമായി തകർന്നതിനാൽ മൃതദേഹം പുറത്തെടുക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
ഏഴുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഉറവകൊണ്ട പോലീസ് പറഞ്ഞു. ഒരു കുട്ടിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരിച്ചവരുടെ കൃത്യമായ പ്രായവും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഉറവകൊണ്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.