സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനം കണ്ണൂർ ജില്ലയിൽ അന്തിമഘട്ടത്തിൽ. ജനങ്ങളുടെ പൂർണ സഹകരണത്തോടെ സുതാര്യമായാണ് ജില്ലയിൽ സർവേ പുരോഗമിക്കുന്നതെന്ന് പഠനം നടത്തുന്ന വളണ്ടറി ഹെൽത്ത് സർവീസസ് കോ-ഓർഡിനേറ്റർ സജു വി ഇട്ടി പറഞ്ഞു. കെ റെയിലിനെ കുറിച്ചുള്ള വിവാദങ്ങളും വ്യാജ പ്രചാരണങ്ങളും തുടരുമ്പോഴും പഠനം തടസമില്ലാതെ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന്റ അറിവോടു കൂടിയാണ് സാമൂഹിക ആഘാത പഠനം നടക്കുന്നതെന്നും സജു പറഞ്ഞു. ജനങ്ങളോട് കൃത്യമായി വിവരങ്ങൾ ചോദിച്ചറിഞ്ഞും ആശങ്കകൾ മനസിലാക്കിയുമാണ് സർവേ പുരോഗമിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയും സുതാര്യവുമായാണ് കണ്ണൂർ ജില്ലയിൽ പഠനം പുരോഗമിക്കുന്നത്.
കോട്ടയം ആസ്‌ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവീസസ് ആണ് കണ്ണൂർ ഉൾപ്പടെ നാല് ജില്ലകളിൽ പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലെ ആദ്യഘട്ട സർവേയിൽ രണ്ട് വില്ലേജുകൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ കടന്നുപോകുന്ന 61.7 കിലോമീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.