കോവിഡ് രോഗികള്‍ അറിയേണ്ടതെല്ലാം; ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സംവദിക്കാം

0
30

ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരമൊരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെയാണ് ഇതിനുള്ള അവസരം. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പോരാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ മറ്റു നാനാ തുറകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശിലനം നല്‍കിയിട്ടുണ്ട്. എന്നാല്‍ മൂന്നാം തരംഗത്തില്‍ ഗൃഹപരിചരണത്തില്‍ ധാരാളം പേര്‍ കഴിയുന്നുണ്ട്. ഗൃഹ പരിചരണത്തിലും അപായ സൂചനകളിലും അവബോധം സൃഷ്ടിക്കാനാണ് കോവിഡ് രോഗികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള അവരമൊരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്ക് പുറമേ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജുവും ജനങ്ങളോട് സംവദിക്കുന്നതാണ്. https://youtu.be/ZZoCVbSFEL0 എന്ന യൂട്യൂബ് ലിങ്ക് വഴി ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ പരമാവധി ഇത് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഗൃഹപരിചരണം, പിന്തുണാ സഹായ സംവിധാനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ജിതേഷ്, ഡോ. അമര്‍ ഫെറ്റില്‍ എന്നിവര്‍ സംസാരിക്കും. ഡോ. കെ.ജെ. റീന, ഡോ. സ്വപ്നകുമാരി, ഡോ. എസ്. ബിനോയ്, ഡോ. ടി. സുമേഷ്, ഡോ. വിനീത, ഡോ. കെ.എസ്. പ്രവീണ്‍, പി.കെ. രാജു, ഡോ. വി.എസ്. ദിവ്യ എന്നിവര്‍ സംശയ നിവാരണം നടത്തും.