കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ തുറക്കും. പ്രളയത്തിൽ തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ അന്തിമഘട്ടത്തിലാണ്. നാളെ മുതൽ പാത ഭാഗികമായി തുറക്കാനാണ് തീരുമാനം. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടും. അതേസമയം, ചരക്കുവാഹനങ്ങൾക്ക് അനുമതിയില്ല.
ഡിസംബർ 26 മുതലാണ് അറ്റകുറ്റപണികൾക്കായി പാത അടച്ചത്. 69.1 ലക്ഷം രൂപയാണ് പാതയുടെ നിർമാണ പ്രവൃത്തികൾക്കായി സർക്കാർ അനുവദിച്ചത്. പാത അടച്ചിട്ടതോടെ നിടുംപൊയിൽ മാനന്തവാടി ചുരം പാത വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
അതേസമയം, അറ്റകുറ്റപണികൾ നടക്കുന്ന കൊട്ടിയൂർ-പാൽചുരം പാതയിൽ രാത്രികളിൽ ചെങ്കൽ വാഹനങ്ങൾ കടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ വാഹനങ്ങൾ കണ്ടെത്താൻ നടപടി ആരംഭിച്ചിട്ടുണ്ട്. കർശന നിരോധനം നിലനിൽക്കെ രാത്രികളിൽ പാതയിലൂടെ കടന്നുപോയ ചെങ്കൽ ലോറികളെപ്പറ്റി നാട്ടുകാരാണ് പരാതി നൽകിയത്.