പ്രകടനപത്രിക പുറത്തിറക്കൽ റദ്ദാക്കി ബിജെപി; ആഘോഷങ്ങൾ വിലക്കി കോൺഗ്രസും

0
27

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കൽ ചടങ്ങ് റദ്ദാക്കി ബിജെപി. അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായാണ് പരിപാടി റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് മൗര്യ തുടങ്ങിയവർ ബിജെപി പ്രകടന പത്രിക പുറത്തിറക്കൽ ചടങ്ങിൽ പങ്കെടുക്കാനായി ലഖ്‌നൗവിൽ എത്തിയിരുന്നു. ച

പ്രകടനപത്രിക എന്നു പുറത്തിറക്കുമെന്ന് പിന്നീട് അറിയിക്കുമെന്ന് ബിജെപി അറിയിച്ചു. ഫെബ്രുവരി പത്തിനാണ് ഉത്തർ പ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗോവയിലെ വിർച്വൽ റാലിയും ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്‌ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്. ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ റാലിയും മറ്റ് പ്രധാന പാർട്ടി പരിപാടികളും ഗോവ ബിജെപി റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

അതേസമയം, പഞ്ചാബിലെ മുഖ്യമന്ത്രി സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആഘോഷങ്ങൾ നടത്തരുതെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായി ഉന്നതവൃത്തഘങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്‌ചാത്തലത്തിലാണ് ഒരു വിധത്തിലുമുള്ള ആഘോഷങ്ങൾ പാടില്ലെന്ന നിർദ്ദേശം കോൺഗ്രസ്, പ്രവർത്തകർക്ക് നൽകിയത്. ഇന്നാണ് കോൺഗ്രസ് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തുക.

ഞായറാഴ്‌ച രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു ലത(92)യുടെ അന്ത്യം. ലതയുടെ നിര്യാണത്തിൽ രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറരയ്‌ക്ക് മുംബൈയിലെ ശിവാജി പാർക്കിലാണ് ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.