ശനിയാഴ്ചമുതല്‍ 72 മണിക്കൂര്‍ ട്രെയിൻ തടസം; 50-ലധികം വണ്ടികള്‍ റദ്ദാക്കി

0
92

മുംബൈ താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ അഞ്ച്, ആറ് ലൈനുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാൽ ഫെബ്രുവരി അഞ്ചിന് ശനിയാഴ്ച അർധരാത്രിമുതൽ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്.

എൽടിടി.-കൊച്ചുവേളി എക്സ്പ്രസ്, എൽടിടി.-എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയവയിൽപ്പെടും. നേത്രാവതി എക്സ്പ്രസ് പൻവേൽ വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സിഎസ്ടി., ദാദർ, എൽടിടി. എന്നിവിടങ്ങളിൽനിന്നു പുണെ, കർമാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുർ, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീർഘദൂരവണ്ടികളും റദ്ദാക്കിയവയിൽപ്പെടും. ദിവ-രത്നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചർ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്.

കൊങ്കൺ പാതയിലൂടെ ഓടുന്ന പല വണ്ടികളും പൻവേലിൽ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികൾ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക.

ഹൈദരാബാദ്-സി.എസ്.ടി. എക്സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ പുണെയിൽ യാത്ര അവസാനിപ്പിക്കും. ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയിൽനിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി എസ്ടി, ദാദർ, എൽടിടി സ്റ്റേഷനുകളിൽനിന്നും കല്യാൺ ഭാഗത്തേക്ക് ഓടുന്ന ദീർഘദൂര വണ്ടികൾ ലോക്കൽ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാൽ താനെയിൽ ഈ വണ്ടികൾക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.

ഇവിടെനിന്നും കയറേണ്ട യാത്രക്കാർ ദാദറിലോ കല്യാണിലോ എത്തി വണ്ടിയിൽ കയറേണ്ടതാണെന്നും റെയിൽവേ അറിയിച്ചു. കൊങ്കൺ പാതയിലൂടെ പോകേണ്ടവർ പൻവേലിൽ എത്തേണ്ടതാണ്. ദിവ-വസായ് റോഡ്-പൻവേൽ മെമു സർവീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയിൽ ഉൾപ്പെടും.

റദ്ദാക്കിയ ട്രെയിനുകൾ

  • ഫെബ്രുവരി അഞ്ച് :- എൽ ടി ടി – കൊച്ചുവേളി (22113).
  • ഫെബ്രുവരി ഏഴ് :- കൊച്ചുവേളി – എൽ ടി ടി (22114).
  • ഫെബ്രുവരി ആറ് :- എറണാകുളം – എൽ ടി ടി തുരന്തോ (12224).
  • ഫെബ്രുവരി അഞ്ച്, എട്ട് :- എൽ ടി ടി – എറണാകുളം തുരന്തോ (12223).
  • ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ് :- സി എസ് ടി – മംഗളൂരു (12133).
  • ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ് :- മംഗളൂരു – സി എസ് ടി (12134).

പൻവേലിൽ യാത്ര അവസാനിപ്പിക്കുന്നവ

  • ഫെബ്രുവരി ആറ് :- കൊച്ചുവേളി – എൽ ടി ടി ഗരീബ്രഥ് (12202).
  • ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ് :- തിരുവനന്തപുരം – എൽ ടി ടി നേത്രാവതി (16346).
  • ഫെബ്രുവരി നാല്, അഞ്ച്, ആറ് :- മംഗളൂരു – എൽ ടി ടി (12620).

പൻവേലിൽ നിന്ന് പുറപ്പെടുന്നവ

  • ഫെബ്രുവരി ഏഴ് :- എൽ ടി ടി – കൊച്ചുവേളി ഗരീബ് രഥ് (12201).
  • ഫെബ്രുവരി അഞ്ച്, ആറ്, ഏഴ്, എട്ട് :- എൽ ടി ടി – തിരുവനന്തപുരം നേത്രാവതി (16345).
  • ഫെബ്രുവരി നാല്, അഞ്ച്, ആറ് :- എൽടിടി. – മംഗളൂരു (12619).