തൃശൂര്‍ ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ആനയ്ക്ക് വെറ്റിനറി വിദഗ്ധരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം മറവ് ചെയ്യും.
ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ പുതുക്കാട് പാലപ്പിള്ളി കാരികുളം ഗ്രൗണ്ടിന് സമീപം കുട്ടിയാനയെ അവശനിലയില്‍ കണ്ടത്. നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്ന ആനയെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി ചികിത്സ നല്‍കുകയായിരുന്നു.
കാലിനായിരുന്നു പരിക്ക്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആനക്കുട്ടി കാനയില്‍ വീണ നിലയിലായിരുന്നു. നാട്ടുകാരാണ് രക്ഷിച്ചത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. അവശനിലയിലായ ആനക്കുട്ടിക്ക് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി.
പുലര്‍ച്ചയാകണം കാനയില്‍ കുട്ടിയാന വീണതെന്നാണ് അനുമാനം. ഏറെസമയം ആനക്കൂട്ടം കുട്ടിയാനയെ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതോടെ 12 ഓളം വരുന്ന കാട്ടാനകള്‍ ഇതിനെ ഉപേക്ഷിച്ചു കാടുകയറി. പുലര്‍ച്ചെ പ്രദേശവാസികള്‍ ആനക്കൂട്ടത്തിന്റെ ബഹളം കേട്ടിരുന്നു. നാട്ടുകാര്‍ പ്രദേശത്തെത്തി കരച്ചില്‍ കേട്ടു തിരച്ചില്‍ നടത്തിയപ്പോഴാണു കാനയില്‍ വീണ കുട്ടിയാനയെ കണ്ടെത്തിയത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഇതിനെ കരയ്ക്കു കയറ്റുകയായിരുന്നു.