ലോകായുക്ത ഓര്‍ഡിനന്‍സ് – പ്രതിപക്ഷ ആരോപണം

0
22

1. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമ്പോള്‍ പ്രതിപക്ഷ നേതാവുമായി ആലോചിച്ചില്ല.

◆അങ്ങിനെയൊരു നടപടിക്രമം ഭരണഘടനാ പ്രകാരമോ കീഴ്വഴക്കങ്ങള്‍ അനുസരിച്ചോ നിലവിലില്ല.

യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ പല ഓര്‍ഡിനന്‍സുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

അവ പ്രതിപക്ഷനേതാവുമായി ആലോചിച്ചിട്ടാണോ പുറപ്പെടുവിച്ചിട്ടുള്ളത്?

◆നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്.

◆ ഇത് ബില്ലായി സഭയില്‍ പിന്നീട് വരികയും ചെയ്യും. ബില്ലിന്‍മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള എല്ലാ അവസരവും ലഭിക്കുകയും ചെയ്യും.

◆അല്ലാതെ പ്രതിപക്ഷനേതാവുമായി ആലോചിച്ച് ഓര്‍ഡിനന്‍സ് നിര്‍മ്മിക്കുന്ന രീതി ഒരുകാലത്തുമുണ്ടായിട്ടില്ല.

◆ ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ലഭ്യമായിട്ടുള്ളത്.

◆ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഈ അധികാരം ഗവര്‍ണര്‍ വിനിയോഗിക്കുന്നത്

2. കേരള ലോകായുക്ത നിയമത്തിലെ ഭേദഗതി മന്ത്രി ആര്‍. ബിന്ദുവിനെതിരെ ശ്രീ. രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ഉണ്ടാകാനിടയുള്ള പ്രതികൂല ഉത്തരവില്‍ നിന്നും മന്ത്രിയെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്

◆തികച്ചും വസ്തുതാ വിരുദ്ധമാണിത്.

എല്ലാ കാലത്തും ലോകായുക്ത മുന്‍പാകെ മന്ത്രിമാര്‍ക്കും മറ്റു പൊതുസേവകര്‍ക്കുമെതിരെ പലതരം പരാതികള്‍ ഉയരാറുണ്ട്.

◆ അതിനുവേണ്ടി ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്ന രീതി സര്‍ക്കാര്‍ അവലംബിച്ചിട്ടില്ല.

◆ ബോധപൂര്‍വ്വം തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ആരോപണമാണിത്.

◆ കേരള ലോകായുക്ത നിയമം-1999 ലെ വകുപ്പുകള്‍ പ്രധാനമായും കര്‍ണാടക ലോകായുക്ത നിയമം – 1985 ന്‍റെ ചുവടു പിടിച്ചാണ്.

◆ എന്നാല്‍ കേരള ലോകായുക്ത നിയമത്തിന്‍റെ വകുപ്പ് 14-ല്‍ ലോകായുക്ത ഒരു പൊതുസേവകനെ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന പ്രഖ്യാപനം നടത്തിയാല്‍
പൊതുസേവകന്‍റെ മേല്‍ അധികാരമുള്ള വ്യക്തി ലോകായുക്തയുടെ പ്രഖ്യാപനം നിര്‍ബന്ധമായും അംഗീകരിക്കണമെന്നാണ്.

◆കര്‍ണാടക നിയമത്തില്‍ അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനുമുള്ള അവകാശം Competent Authority ക്ക് ഉണ്ട്.

◆കര്‍ണാടക നിയമത്തില്‍ 2010 ല്‍ വരുത്തിയ ഭേദഗതി പ്രകാരം തീരുമാനമെടുക്കുന്നതിനുമുമ്പ് Competent Authority ലോകായുക്ത പ്രഖ്യാപനത്തിന് വിധേയനായ പൊതുസേവകനെ കൂടി
കേള്‍ക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.

◆ മറ്റൊരു സംസ്ഥാനത്തിലെ നിയമത്തിലോ കേന്ദ്ര ലോക്പാല്‍ നിയമത്തിലോ കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14നു സമാനമായ ഒരു വ്യവസ്ഥയില്ല.

മന്ത്രി ആര്‍.ബിന്ദുവിന്‍റെ പേരില്‍ ശ്രീ. രമേശ് ചെന്നിത്തല പരാതി നല്‍കിയത് 2021 നവംബറിനു ശേഷമാണ്

◆ കേരളാ ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ അനുച്ഛേദം 164-ന് അനുസൃതമല്ല എന്ന നിയമോപദേശം സര്‍ക്കാരിന് 13.04.2021-ന് അഡ്വക്കേറ്റ് ജനറലില്‍ നിന്നും ലഭ്യമായിരുന്നു.

◆ ഭരണഘടനയുടെ അനുച്ഛേദം 164 പ്രകാരം ‘ “Chief Minister and the Ministers shall hold office during the pleasure of the Governor’. ഭരണഘടനാ സ്ഥാപനമായ ഗവര്‍ണറുടെ പ്രീതി ലോകായുക്തയുടെ സെക്ഷന്‍ 14 ലെ പ്രഖ്യാപനത്തിന് വിധേയമാകുന്നത് ഭരണഘടനയുടെ അനുച്ഛേദം 164 മായി പൊരുത്തപ്പെടുന്നില്ല എന്ന അഭിപ്രായം അഡ്വക്കേറ്റ് ജനറല്‍ രേഖപ്പെടുത്തുകയും വകുപ്പ് 14 ല്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് നിയമോപദേശം നല്‍കുകയും ചെയ്തു.

◆ ഇതിന്‍റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും കേന്ദ്ര ലോക് പാല്‍ നിയമവും വിശദമായി പരിശോധിക്കുകയും ഭേദഗതിക്കായുള്ള ഫയല്‍ ചംക്രമണം ചെയ്യുകയും ചെയ്തു.

◆ഇത് പരിശോധിച്ചാണ് ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ അംഗീകാരത്തോടെ ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചത്.

◆ലോകായുക്ത യുടെയും ഉപലോകായുക്തയുടെയും പ്രായപരിധി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളുണ്ട്.

◆ ഇവയ്ക്ക് പില്‍ക്കാല പ്രാബല്യമാണ്.

◆ലോകായുക്തയുടെ അഭിപ്രായം ഗവര്‍ണറുടെ പ്രീതിയ്ക്ക് മുകളിലാണ് എന്ന ഭരണഘടനയ്ക്ക് നിരക്കാത്ത വകുപ്പിനെയാണ് ഭേദഗതി ചെയ്തിട്ടുള്ളത്.

◆ ഇത് ഇപ്പോള്‍ രമേശ് ചെന്നിത്തല ഫയല്‍ ചെയ്ത പരാതിയുമായി കടലിനും കടലാടിക്കും തമ്മിലുള്ള ബന്ധം പോലുമില്ല.

◆ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനോ മിറച്ചുപിടിക്കാനോ ഇല്ല.

◆അഴിമതി കേസുകളില്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വേണ്ടിവന്നാല്‍ പ്രോസിക്യൂഷന് ശിപാര്‍ശ ചെയ്യാനുമുള്ള ലോകായുക്തയുടെ അധികാരത്തെ അല്‍പം പോലും ബാധിക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.