രാജ്യത്ത് കൊവിഡ് രോഗികൾ എണ്ണം വൻവർധന. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രണ്ടര ലക്ഷത്തോളം പേർക്കാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 2,47,417 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ആശങ്കയിലാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോണും വ്യാപിക്കുന്നു.
അതേസമയം 24 മണിക്കൂറിൽ 84,825 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. 11,17,531 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസത്തേക്കാൾ 17 ശതമാനം വർദ്ധനവാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. 13.11 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു. വൈകീട്ട് നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച നിർണായക തീരുമാനം കൈക്കൊള്ളുക.